Featured Good News

14 ഫ്ലാറ്റുകൾ, മികച്ച ഡിവിഡന്റുകൾ; 30-ാം വയസ്സിൽ ജോലി ഉപേക്ഷിച്ച് മാതൃകയായി യുവാവ്

വാടക വീടുകളിൽ നിന്നുള്ള വരുമാനത്തിലൂടെ 30-ാം വയസ്സിൽ സാമ്പത്തിക ഭദ്രതയും നേരത്തെയുള്ള വിരമിക്കലും (FIRE) കൈവരിച്ച ചൈന സ്വദേശിയായ ഫാൻ ജുൻജിയെ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അവസാനിപ്പിച്ച് പണം ഡിവിഡന്റ് ഫണ്ടുകളിലേക്കും ഓഹരികളിലേക്കും മാറ്റാൻ തീരുമാനിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് ഈസ്റ്റേൺ ചൈനയിലെ ജിലിൻ സ്വദേശിയായ ഫാൻ, വടക്കൻ നഗരമായ ചാങ്ഷായിൽ പഴയ ഫ്ലാറ്റുകൾ വാങ്ങുന്നതിനായി 20 ലക്ഷത്തിലധികം യുവാൻ (ഏകദേശം 2 കോടി രൂപ) നിക്ഷേപിച്ചിരുന്നു. എന്നാൽ വസ്തുവകകളുടെ പരിചരണവും മേൽനോട്ടവും വിചാരിച്ചതിലും പ്രയാസകരമായതോടെയാണ് അദ്ദേഹം നിക്ഷേപ രീതി മാറ്റാൻ തീരുമാനിച്ചത്.

ഇന്റർനെറ്റ് ഹെൽത്ത്കെയർ വിൽപ്പന മേഖലയിൽ ജോലി ചെയ്തിരുന്ന ഫാൻ, ദിവസവും 18 മണിക്കൂറോളം അധ്വാനിച്ചിരുന്നു. പ്രധാന ചൈനീസ് നഗരങ്ങളിലെ ഉയർന്ന വസ്തുവില മനസ്സിലാക്കിയ അദ്ദേഹം, ചാങ്ഷാ നഗരമധ്യത്തിലെ പഴയ ചെറിയ ഫ്ലാറ്റുകളിൽ (ലാവോപോഷിയോ) അവസരം കണ്ടത്തി. 2023 മുതൽ രണ്ട് വർഷത്തിനിടെ 20 ലക്ഷത്തിലധികം യുവാൻ ചെലവഴിച്ച് 14 പഴയ ഫ്ലാറ്റുകളാണ് അദ്ദേഹം വാങ്ങിയത്. അറ്റകുറ്റപ്പണികൾ എളുപ്പമാക്കുന്നതിന് എല്ലാ ഫ്ലാറ്റുകളും ഒരേ മാതൃകയിലാണ് നവീകരിച്ചത്. ഇതിൽ 11 ഫ്ലാറ്റുകൾ നിലവിൽ വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം 2,10,000 യുവാൻ (ഏകദേശം 29 ലക്ഷം രൂപ) വരുമാനം ലഭിക്കുന്നുണ്ട്.

ഏറ്റവും കുറഞ്ഞ ചിലവിൽ 1.5 ലക്ഷം യുവാന് വാങ്ങിയ ഫ്ലാറ്റിൽ നിന്ന് പ്രതിമാസം 1,700 യുവാന് (ഏകദേശം 23,931 രൂപ) അടുത്ത് വാടക ലഭിക്കുന്നുണ്ട്. നികുതിയും ഏജൻസി ഫീസും അറ്റകുറ്റപ്പണികളും അടക്കം 3.1 ലക്ഷം യുവാൻ ചെലവായ ഫ്ലാറ്റിൽ നിന്ന് പ്രതിമാസം 2,200 യുവാൻ വാടകയായും ലഭിക്കുന്നു. എന്നാൽ ഏജൻസി ഫീസ്, നികുതികൾ, അറ്റകുറ്റപ്പണി ചിലവുകൾ, വാടകക്കാരുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ എന്നിവ വാടക വരുമാനത്തിന്റെ ലാഭം കുറയ്ക്കുകയും അധ്വാനം കൂട്ടുകയും ചെയ്തു. കൂടാതെ വസ്തുക്കളുടെ വില കുറയുന്നതും ആശങ്കയുണ്ടാക്കി.

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ ഏറ്റവും മികച്ച കാലഘട്ടം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 26-നാണ് ഇനി പുതിയ വീടുകൾ വാങ്ങില്ലെന്ന് ഫാൻ പ്രഖ്യാപിച്ചത്. അതിനുപകരം പണം ഡിവിഡന്റ് ഫണ്ടുകളിലേക്കും ഉയർന്ന ഡിവിഡന്റ് നൽകുന്ന ഓഹരികളിലേക്കും മാറ്റാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. വാടക വരുമാനവും ഓഹരി ഡിവിഡന്റുകളും കൃത്യമായ ഇടവേളകളിൽ വരുമാനം നൽകുമെങ്കിലും, രണ്ടും നിക്ഷേപ നഷ്ടസാധ്യത ഉള്ളവയാണെന്ന് അദ്ദേഹം കരുതുന്നു. എങ്കിലും ആവശ്യമുള്ളപ്പോൾ പണം വേഗത്തിൽ പിൻവലിക്കാൻ സാധിക്കുമെന്നതാണ് ഡിവിഡന്റ് ഫണ്ടുകളുടെ ഏറ്റവും വലിയ മെച്ചമായി ഫാൻ ചൂണ്ടിക്കാണിക്കുന്നത്.