‘Don’t yuck someone’s yum’ എന്നൊരു പ്രശസ്തമായ ചൊല്ലുണ്ട്. മറ്റൊരാൾക്ക് ഇഷ്ടമുള്ളതോ അവർ ആസ്വദിക്കുന്നതോ ആയ കാര്യങ്ങളെ വെറുതെ കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യരുത് എന്നാണ് ഇതിന്റെ സാരം. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ, കാരണം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഒരു നാടിന്റെ ഭക്ഷണശൈലിയെ രൂപപ്പെടുത്തുന്നത്. ആഹാര രീതികളിലെ വൈവിധ്യം കൊണ്ട് സമ്പുഷ്ടമായ ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ രുചിക്കൂട്ടുകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് നാഗാലാൻഡ്.
പുഴുക്കളെയും ഒച്ചുകളെയും നായയിറച്ചിയെയുമൊക്കെ ഭക്ഷണമാക്കുന്ന നാഗാലാൻഡിലെ ആഹാരരീതികൾ പലപ്പോഴും മറ്റുള്ളവരിൽ വലിയ കൗതുകമാണ് ഉണർത്താറുള്ളത്. ഇപ്പോഴിതാ നാഗാലാൻഡിന്റെ ഈ ഭക്ഷണ വൈവിധ്യം ലോകത്തിന് പരിചയപ്പെടുത്തുകയാണ് ടൂറിസം മന്ത്രി ടെംജെൻ ഇംന അലോങ്ങ്. നാഗാലാൻഡിലെ പ്രാദേശിക മാർക്കറ്റിൽ പോയി അദ്ദേഹം ചിത്രീകരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
കൊഹിമയിലെ വിപണികളിലൂടെ കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് മന്ത്രിയുടെ വ്ലോഗ്. ഫ്രഷ് പേരക്കയും വിവിധതരം ഇലക്കറികളും മുതൽ ജീവനുള്ള ഒച്ചുകൾ, തവളകൾ, ഗിനി പന്നികൾ, പട്ടുനൂൽപ്പുഴുവിന്റെ ലാർവകൾ എന്നിവ വരെ ഈ വീഡിയോയിൽ കാണാൻ സാധിക്കും.
അതോടൊപ്പം നാഗാലാൻഡിനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ തിരുത്താനും അദ്ദേഹം ഈ വീഡിയോയിലൂടെ ശ്രമിക്കുന്നുണ്ട്. നാഗാലാൻഡിൽ മാംസാഹാരം മാത്രമാണ് ഉള്ളതെന്ന ധാരണ തെറ്റാണെന്നും സസ്യഭുക്കുകൾക്കും ആസ്വദിക്കാൻ ധാരാളം വിഭവങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളെ തങ്ങളുടെ മനോഹരമായ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ടെംജെൻ ഇംന അലോങ്ങിന്റെ വ്ലോഗ് അവസാനിക്കുന്നത്.




