നിതീഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം’ എന്ന സിനിമയുടെ റിവ്യൂ പങ്കുവെക്കുന്നതിനിടെ പ്രശസ്ത മലയാളി നടി ശോഭനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി മുരളി തുമ്മാരുകുടി. മികച്ച അഭിനേത്രിയായ ശോഭനയുടെ മുഖത്ത് എപ്പോഴും ഒരേ ഭാവമാണുള്ളതെന്നും, വാഴപ്പഴം കഴിക്കാത്തതുപോലെയാണ് അഭിനയിച്ചതെന്ന് തോന്നുന്നുവെന്നുമാണ് മുരളി തുമ്മാരുകുടി പരിഹസിച്ചത്.
എന്നാൽ ഈ പരാമർശം വലിയ വിവാദമായതോടെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ആ ഭാഗം പിൻവലിക്കുകയായിരുന്നു. ശോഭനയെക്കുറിച്ചുള്ള വരികൾ ഡിലീറ്റ് ചെയ്തെങ്കിലും, ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ അഭിനയവും അത്ര മികച്ചതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാളെടുക്കുന്ന സീതയെ ആദ്യമായിട്ടാണ് കാണുന്നതെന്നും, മികച്ച സാങ്കേതികവിദ്യ ഉണ്ടെന്നതൊഴിച്ചാൽ അഭിനയത്തിന്റെ കാര്യം പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശോഭനയെ പേരെടുത്ത് വിമർശിച്ച മുരളി തുമ്മാരുകുടിക്കെതിരെ രൂക്ഷമായ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തി. ഭക്ഷണത്തിലായാലും അഭിനയത്തിലായാലും കൃത്യത പാലിക്കാൻ അവർക്കറിയാമെന്നും, അതുകൊണ്ടാണ് അവർക്ക് പത്മഭൂഷൻ ശോഭനയാകാൻ കഴിഞ്ഞതെന്നും ഒരു ആരാധിക തുറന്നടിച്ചു.
ശോഭന തന്റെ വേഷം വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. ചുമ്മാതല്ല മുരളി തുമ്മാരുകുടി ആ പേരിൽ മാത്രം ഒതുങ്ങിപ്പോയതെന്നും, അയൽക്കൂട്ടത്തിലെ ചേച്ചിമാരെപ്പോലും തോൽപ്പിക്കുന്ന തരത്തിലുള്ള കുശുമ്പാണ് അദ്ദേഹത്തിനുള്ളതെന്നും പരിഹസിച്ചുകൊണ്ട് വേറൊരാളും രംഗത്തെത്തി.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
വാളെടുക്കുന്ന സീത…
രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയ്യരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്ക്രീനിൽ തന്നെ കാണണം.
കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും.
വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു. (ഡിലീറ്റ് ചെയ്ത വിവാദ ഭാഗം)
-മുരളി തുമ്മാരുകുടി




