താൻ വിവാഹം കഴിച്ചെന്ന വാർത്ത പങ്കുവെച്ച് ഇൻഫ്ലുവൻസർ ഷാമോൻ. മറ്റൊരു ഇൻഫ്ലുവൻസറായ ജലീഷയാണ് വധു. വളരെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തിയതെന്നും, വളരെ ചിലവ് കുറഞ്ഞ പരിപാടിയായിരുന്നു ഇതെന്നും ഷാമോൻ വ്യക്തമാക്കുന്നു.
താൻ ചെറുതായിട്ടൊന്ന് കല്യാണം കഴിച്ചെന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയിൽ, താൻ മുൻപ് പറഞ്ഞതുപോലെ തന്നെ വളരെ ലളിതമായി അടുത്ത ആളുകളെ മാത്രം ഉൾപ്പെടുത്തിയാണ് ചടങ്ങ് നടത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ 30 വയസ്സ് കഴിഞ്ഞേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിൽ നിന്ന് മാറിയെന്നും, കെട്ടാൻ മുട്ടിയതുകൊണ്ടാണ് നേരത്തെ കഴിച്ചതെന്നും ഷാമോൻ തമാശയായി കൂട്ടിച്ചേർക്കുന്നു.
വധു ജലീഷയെ ഫോളോവേഴ്സിന് പരിചയപ്പെടുത്തുന്ന ഷാമോൻ, തങ്ങൾ അഞ്ച് വർഷമായി നല്ല സൗഹൃദത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. വിവാഹം ലളിതമായി നടത്തണമെന്ന് ഷാമോന് നിർബന്ധമുണ്ടായിരുന്നതായി ജലീഷയും പറയുന്നുണ്ട്. സിനിമാക്കാരെയോ മറ്റ് ഇൻഫ്ലുവൻസേഴ്സിനെയോ നാട്ടുകാരെയോ എന്തിന് സ്വന്തം ബന്ധുക്കളെപ്പോലും ചടങ്ങിൽ പങ്കെടുപ്പിച്ചില്ലെന്ന് ഷാമോൻ കൂട്ടിച്ചേർത്തു. വിവാഹവാർത്ത ആദ്യമായി ഫോളോവേഴ്സിനോടാണ് പങ്കുവെക്കുന്നതെന്നും മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഭക്ഷണത്തിന് 10,500 രൂപ ചിലവായതൊഴിച്ചാൽ മറ്റു വലിയ തുകയൊന്നും വേണ്ടിവന്നില്ലെന്ന് ഷാമോൻ പറഞ്ഞു. ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം സ്പോൺസേഡ് ആയിരുന്നുവെന്നും തമാശരൂപേണ ഷാമോൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.




