Crime

അശ്ലീല സന്ദേശം അയച്ചെന്ന്; 17കാരനെ മകനും സുഹൃത്തുക്കൾക്കൊപ്പം മർദിച്ച് 40കാരി, മൂത്രത്തിലൂടെ രക്തം വരുന്ന അവസ്ഥയില്‍ ചികിത്സയില്‍

കൊച്ചി: ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് പതിനേഴുകാരനായ പ്ലസ് വൺ വിദ്യാർഥിയെ സമപ്രായക്കാരായ കൂട്ടുകാരും ഇവരിലൊരാളുടെ അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കലൂരിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് എളമക്കരയിൽ വെച്ച് മർദനമേറ്റത്. സംഭവത്തിൽ ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന പൊറ്റക്കുഴി സ്വദേശിനിയായ നാൽപ്പതുകാരിയെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൻ ഉൾപ്പെടെയുള്ള ആറ് വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

നാൽപ്പതുകാരിയായ സ്ത്രീയാണ് മർദനത്തിന് പ്രേരിപ്പിക്കുകയും വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ക്രൂരമർദനത്തെത്തുടർന്ന് മൂത്രത്തിലൂടെ രക്തം വരുന്ന അവസ്ഥയിലായ എളമക്കര സ്വദേശിയായ വിദ്യാർഥി നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഇൻസ്റ്റഗ്രാം സന്ദേശത്തെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പതിനേഴുകാരനെ അക്രമിസംഘം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മുൻപ് അയൽവാസികളായിരുന്ന ഇവരുടെ കുടുംബങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. മുൻപ് ഓൺലൈൻ ഗെയിം കളിക്കാനും മറ്റുമായി പതിനേഴുകാരന്റെ പേരിൽ എല്ലാവർക്കും ഉപയോഗിക്കാനാകും വിധം ഒരു പൊതു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു.

വിദ്യാർഥിയുടെ ഫോൺ കേടായതിനെത്തുടർന്ന് പുതിയ മൊബൈൽ വാങ്ങി ഇതിൽ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നതോടെ, അതിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. ഈ കാര്യം ചോദിച്ചുണ്ടായ തർക്കമാണ് ഒടുവിൽ ക്രൂരമർദനത്തിൽ കലാശിച്ചത്. തർക്കം പരിഹരിക്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റിലായ സ്ത്രീയും മകനും കൂട്ടുകാരും ചേർന്ന് മർദിക്കുകയായിരുന്നു.