Crime

ലൈംഗികപീഡനത്തിനു മുമ്പ് അനസ്‌തേഷ്യയോ ലഹരിമരുന്നോ നല്‍കും, ഡോക്‌ടറുടെ ഇരകളില്‍ കൂടുതലും രോഗികള്‍, വിദേശത്തേക്ക്‌ കടന്നു?

കൊച്ചി: യുവനടിയുടെ ബന്ധു നൽകിയ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായ ബന്ധങ്ങളുള്ള ഡോക്ടർക്കെതിരെ എറണാകുളം ഇൻഫോപാർക്ക് പോലീസാണ് നോട്ടീസ് ഇറക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽനിന്ന് 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പോലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഇയാളെക്കുറിച്ച് മുൻപ് എപ്പോഴെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്നറിയാൻ ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രിക്ക് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. കൂടുതൽ പരാതികൾ ലഭിക്കുകയാണെങ്കിൽ പ്രതിക്കെതിരെ തുടർന്നും കേസുകൾ രജിസ്റ്റർ ചെയ്യും.

വീര്യം കൂടിയ അനസ്തെഷ്യ, സൈക്കോട്രോപിക് മരുന്നുകളും ലഹരിമരുന്നുകളും മദ്യവും നൽകി മയക്കിയാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇരയായവരിൽ ഭൂരിഭാഗവും രോഗികളും അവരുടെ ബന്ധുക്കളുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ, ഈ കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിൽ കഴിയുന്ന നടിയെയും സംഘത്തെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.