അൽ അമിറാത്തിൽ (ഒമാൻ) നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചെങ്കിലും, കളിക്കിടെ പാക്ക് താരങ്ങൾക്ക് പറ്റിയ വൻ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്. ഇന്ത്യൻ ഇന്നിങ്സിനിടെ വളരെ അനായാസമായ ഒരു ക്യാച്ച് പാക്കിസ്ഥാൻ താരങ്ങൾ കൈവിട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു.
ഇന്ത്യൻ ഇന്നിങ്സിന്റെ 44-ാം ഓവറിൽ 9 വിക്കറ്റിന് 202 റൺസ് എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു ഈ സന്ദർഭം. മുഹമ്മദ് സയ്യാം എറിഞ്ഞ പന്ത് കാവ്യ പട്ടേൽ വായുവിൽ ഉയർത്തിയടിച്ചപ്പോൾ പന്ത് പിടിച്ചെടുക്കാൻ ബൗളർ സയ്യാമും വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഫീൽഡർ ഉസ്മാൻ ഖാനും ഒരേസമയം ഓടിയെത്തി. എന്നാൽ ആരും ക്യാച്ച് എടുക്കാതിരിക്കുകയും അവസാന നിമിഷത്തെ ആശയക്കുഴപ്പം കാരണം പന്ത് തടസ്സമേതുമില്ലാതെ നിലത്തുവീഴുകയുമായിരുന്നു. ഇത് കണ്ട് ഇന്ത്യൻ താരങ്ങൾക്കും ഡഗൗട്ടിലുണ്ടായിരുന്നവർക്കും ചിരിയടക്കാനായില്ല.
ക്യാച്ച് കൈവിട്ടതോടെ ദേഷ്യം വന്ന ബൗളർ സയ്യാം സഹതാരങ്ങളോട് തട്ടിക്കയറിയപ്പോൾ, വിക്കറ്റ് പോകേണ്ടിടത്ത് വീണ്ടും അവസരം ലഭിച്ച സന്തോഷത്തിൽ കാവ്യ പട്ടേലും ഇഷാൻ സൂദും ചിരിക്കുന്നതാണ് കാണാനായത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പാക്ക് ഫീൽഡിങ്ങിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.
അതേസമയം, മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യയെ പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ മറികടക്കുകയായിരുന്നു. 108 പന്തിൽ പുറത്താകാതെ 100 റൺസ് നേടി സെഞ്ചറിയും വിജയറണ്ണും ഒരുമിച്ച് കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറാണ് പാക്കിസ്ഥാന്റെ ജയം ഉറപ്പാക്കിയത്. ജയത്തോടെ പാക്കിസ്ഥാൻ സെമിയിലെത്തിയപ്പോൾ, ഈ മാസം 10-ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.




