അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ അതിൽ ഒലിച്ചുപോകുന്ന പാറ്റകൾ മാത്രമേ ഈ രാജ്യത്തുള്ളെന്ന ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്തെത്തി. ആർഎസ്എസ് മൂത്രത്തിന് അങ്ങനേയും ഒരു ഗുണമുണ്ടോ എന്നും ഇനിമുതൽ ഇന്ത്യയിൽ പാറ്റകളെ ഓടിക്കാൻ ‘ഹിറ്റ്’ ഉൾപ്പെടെയുള്ള പ്രൊഡക്റ്റുകൾ വേണ്ടിവരില്ലല്ലോ എന്നും ജിന്റോ ജോൺ പരിഹസിച്ചു.
“ആർഎസ്എസ് മൂത്രത്തിന് അങ്ങനേയും ഒരു ഗുണമുണ്ടോ! ഗോമൂത്രവും കടന്ന് ആർഎസ്എസുകാരുടെ മൂത്രത്തിനും വൻ ഡിമാൻഡ് ആയല്ലേ! ഇനി മുതൽ ഇന്ത്യയിൽ പാറ്റകളെ ഓടിക്കാൻ ‘ഹിറ്റ്’ ഉൾപ്പെടെയുള്ള പ്രൊഡക്റ്റുകൾ വേണ്ടിവരില്ലല്ലേ. ഈ വിശിഷ്ട മൂത്രം എല്ലാ കീടനാശിനികൾക്കും പകരമാകുമോ അത്ഭുതകുട്ട്യേ?” എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള ജിന്റോയുടെ ചോദ്യം.
“ഇങ്ങനെയാണെങ്കിൽ പാടത്തും പറമ്പിലുമെല്ലാം ഇവരെ പിടിച്ചു നിരത്തി നിർത്തി മുള്ളിച്ച് വിട്ടാൽ സമരം ചെയ്യുന്ന കർഷകരുടെ ആ ഇനത്തിലുള്ള ചിലവെങ്കിലും കുറക്കാമല്ലോ. മാത്രവുമല്ല, കലാപമൊഴിഞ്ഞ നേരങ്ങളിൽ ചുമ്മാ ദണ്ഡയും കറക്കി നടക്കുന്നതല്ലാതെ ഈ ആർഎസ്എസുകാരെ കൊണ്ട് അങ്ങനെ ഒരു ഉപകാരമെങ്കിലും നാടിനുണ്ടാകുമല്ലോ” എന്നും ജിന്റോ കൂട്ടിച്ചേർത്തു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ വിമർശിച്ചുകൊണ്ടായിരുന്നു എ.പി അബ്ദുല്ലക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. “അഭിജീത് ദിപ്‌കെയെപ്പോലുള്ള പയ്യന്മാർ ഇടയ്ക്കിടെ ആർഎസ്എസിനെതിരായി ചിലക്കുന്നത് കേട്ടു. അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ അതിൽ ഒലിച്ചുപോകുന്ന പാറ്റകൾ മാത്രമേ ഈ രാജ്യത്തുള്ളൂ. ഇങ്ങനെ പോയാൽ 2029-ലെ തെരഞ്ഞെടുപ്പിൽ വരാണസിയിൽ നിന്ന് ജയിച്ച് മോദി വീണ്ടും പ്രധാനമന്ത്രിയാവും” എന്നായിരുന്നു അബ്ദുല്ലക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.




