Featured Lifestyle

പിന്നല്ലാതെ.. ! 40,000 രൂപയുടെ തലയിണയോ! കഴുത്തുവേദനയ്ക്ക് ജപ്പാനിൽ പോയി ഇന്ത്യൻ യുവതിയുടെ ഷോപ്പിംഗ് ! 400 വർഷം പഴക്കമുള്ള കടയിൽ നിന്ന്

ജപ്പാൻ സന്ദർശനത്തിനിടെ ഇന്ത്യാക്കാരിയായ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്40,000 രൂപ വിലമതിക്കുന്ന ഒരു പ്രത്യേക തലയിണ വാങ്ങിയ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ജോലി ചെയ്യുന്നത് മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത കഴുത്തുവേദന മാറ്റാനും നല്ല ഉറക്കം ലഭിക്കാനുമുള്ള ഒരു മാര്‍ഗമായാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്.

വിപൻദീപ് കൗർ എന്ന ഈ യുവതി ജപ്പാന്‍ യാത്രയ്ക്കിടയിൽ നിഹോൺബാഷിയിലുള്ള 400 വർഷത്തോളം പഴക്കമുള്ള കടയിൽ നിന്നാണ് നിഷികാവ എന്ന പ്രശസ്തമായ ജാപ്പനീസ് ബ്രാൻഡിന്റെ ഈ തലയിണ അവർ വാങ്ങിയത്. നവംബർ 4-ന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്, സ്വന്തം ശരീരപ്രകൃതിക്കും ഉറങ്ങുന്ന ശീലങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഈ തലയിണ എങ്ങനെയാണ് നിർമ്മിച്ച് നൽകിയതെന്ന് അവർ വ്യക്തമാക്കിയത്.

ഇത്തരം പ്രത്യേക തലയിണകൾ നിർമ്മിക്കുന്നതിന് മുൻപ് ജപ്പാനിലെ ഉറക്ക വിദഗ്ദ്ധർ കൃത്യമായ ചില പരിശോധനകൾ നടത്താറുണ്ട്. ആദ്യം ഉപഭോക്താക്കളുടെ കഴുത്തിന്റെ അവസ്ഥ പരിശോധിക്കുകയും അവർക്ക് അനുയോജ്യമായ തുണി ഏതാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. തുടർന്ന്, വ്യക്തികളുടെ ഉറക്ക ശീലങ്ങൾ മനസ്സിലാക്കാനും തലയിണയ്ക്ക് അനുയോജ്യമായ ഉയരം കണ്ടെത്താനുമായി വ്യത്യസ്ത ഉയരത്തിലുള്ള തലയിണകളിൽ അവരെ കിടത്തി പരിശോധിക്കുന്നു. ഈ അളവെടുക്കലുകൾ പൂർത്തിയായ ശേഷമാണ് തലയിണ നിർമ്മാണം ആരംഭിക്കുന്നത്. സുഖകരമായ ഉറക്കത്തിനും കഴുത്തിന് നല്ല പിന്തുണ നൽകുന്നതിനുമായി ‘ബിഞ്ചോത്താൻ’ ബ്ലാക്ക് ചാർക്കോൾ പൈപ്പ് ബീഡുകളാണ് ഇതിനുള്ളിൽ നിറയ്ക്കാൻ ഉപയോഗിക്കുന്നത്.

മുൻപൊന്നും താൻ ഉറക്കത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്നും എന്നാൽ പ്രായം കൂടുന്തോറും ഉറക്കത്തിൽ പ്രശ്നങ്ങൾ നേരിട്ടു തുടങ്ങിയെന്നുമാണ് ഇതിന് വിശദീകരണമായി വിപൻദീപ് പറഞ്ഞത്. ദിവസം മുഴുവൻ ലാപ്‌ടോപ്പും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് കഴുത്തിനെ ബാധിച്ചിട്ടുണ്ട്. തനിക്ക് ഉറങ്ങാൻ വളരെ ഇഷ്ടമാണെന്നും അതിനാൽ ഇതൊരു നല്ല നിക്ഷേപമായി കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഈ തലയിണ കഴുത്തുവേദന കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

വിപൻദീപ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കേവലം നാല് മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഉറക്കത്തിനായി പണം ചെലവഴിച്ച അവരുടെ തീരുമാനത്തെ ചിലർ പ്രശംസിച്ചപ്പോൾ, ഒരു തലയിണയ്ക്കായി 40,000 രൂപ ചെലവഴിക്കേണ്ടതുണ്ടോ എന്ന് മറ്റു ചിലർ സംശയം പ്രകടിപ്പിച്ചു. “എന്റെ കയ്യിൽ ഇത്രയും പണം ഉണ്ടായിരുന്നെങ്കിൽ!” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഇത് പണത്തിന് മൂല്യമുള്ള ഒന്നാണ്” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, “വീട്ടിലെത്തിയാൽ ഉടൻ മൊബൈൽ ഫോൺ ഓഫ് ചെയ്തു വെക്കുന്ന ശീലം വളർത്തിയെടുത്തിരുന്നെങ്കിൽ ഈ പണം ലാഭിക്കാമായിരുന്നു” എന്നായിരുന്നു വേറൊരാളുടെ നിർദ്ദേശം. എന്തായാലും ഭാവിയിൽ എപ്പോഴെങ്കിലും ഈ തലയിണ ഉപയോഗിച്ചു നോക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.