വീട്ടുവൈദ്യങ്ങൾ തലമുറകളായി പൈതൃകമായി കൈമാറ്റം ചെയ്യപ്പെടുകയും ജലദോഷം മുതൽ ചുമ വരെയുള്ള വിവിധ രോഗങ്ങൾ മാറ്റാൻ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ ഏതൊക്കെയാണ് യഥാർത്ഥത്തിൽ ഫലപ്രദം? ശാസ്ത്രീയ തെളിവുകളെയും പൊതുവായ ധാരണകളെയും വേർതിരിച്ചു മനസ്സിലാക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന അഞ്ച് വീട്ടുവൈദ്യങ്ങൾ പരിശോധിക്കാം.
ചുമ, തൊണ്ടവേദന, വയറുവേദന എന്നിവ ചികിത്സിക്കാൻ മിക്ക ഇന്ത്യൻ വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന ചേരുവകൾ എല്ലാവർക്കും അറിയാവുന്നതാണ്: ഒരു സ്പൂൺ തേൻ, ഒരു കപ്പ് മഞ്ഞൾപ്പാൽ (ഹൽദി ദൂദ്), അല്ലെങ്കിൽ ഗാർഗ്ഗിൾ ചെയ്യാൻ ഉപ്പുചേർത്ത ചെറുചൂടുവെള്ളം. ഈ ചികിത്സകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്, കൂടാതെ “മുത്തശ്ശി വൈദ്യം ഒരിക്കലും തെറ്റാറില്ല” എന്ന ഉറപ്പോടെയാണ് ഇവ നിർദ്ദേശിക്കപ്പെടാറുള്ളത്.
എന്നിരുന്നാലും, ഈ പഴയ ചൊല്ല് ശരിയാണോ?
ചില വീട്ടുവൈദ്യങ്ങൾക്ക് രോഗലക്ഷണങ്ങൾ താൽക്കാലികമായി ശമിപ്പിക്കാൻ കഴിയും, എന്നാൽ ചിലതിന് ശാസ്ത്രീയ തെളിവുകൾ വളരെ പരിമിതമാണ്. കൃത്യമല്ലാത്ത രീതിയിൽ ഉപയോഗിച്ചാൽ ചിലത് ഹാനികരമാവുകയും ചെയ്യാം. രോഗലക്ഷണങ്ങളുടെ അസ്വസ്ഥത കുറയ്ക്കുന്നതും രോഗം പൂർണ്ണമായി ഭേദമാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
- ചുമ ശമിക്കാൻ താനും ചെറുനാരങ്ങാനീരും കുടിക്കുക തെളിവ്: രോഗലക്ഷണങ്ങളിൽ ആശ്വാസം ലഭിക്കുന്നതിന് ചില തെളിവുകളുണ്ട്. തേൻ, ചെറുചൂടുവെള്ളം, ചെറുനാരങ്ങാനീര് എന്നിവയുടെ മിശ്രിതം ചുമയ്ക്കും തൊണ്ടവേദനയ്ക്കും ഉള്ള ഒരു സാധാരണ പ്രതിവിധിയാണെന്ന് എല്ലാവർക്കും അറിയാം. കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയും ചുമയും കുറയ്ക്കാൻ തേൻ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങളുണ്ട്. പെട്ടെന്നുണ്ടാകുന്ന ചുമയ്ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രതിവിധിയായി തേൻ ശുപാർശ ചെയ്യാമെന്ന് യുകെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) അംഗീകരിച്ചിട്ടുണ്ട്.
നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- തേനിന്റെ ആശ്വാസം നൽകുന്ന ഗുണങ്ങൾ തൊണ്ടയിലെ അസ്വസ്ഥതയും ചുമയും കുറയ്ക്കാൻ ചിലരെ സഹായിച്ചേക്കാം.
- ദ്രാവകങ്ങൾ ചൂടാക്കി കുടിക്കുന്നത് കൂടുതൽ ആശ്വാസം നൽകും.
- തേനിൽ മധുരം (പഞ്ചസാര) അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹമുള്ളവർ കഴിക്കുന്ന അളവിൽ ശ്രദ്ധ പുലർത്തണം.
- ജലദോഷം അകറ്റാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മഞ്ഞൾപ്പാൽ (ഹൽദി ദൂദ്) തെളിവ്: ആശ്വാസം നൽകും, എന്നാൽ എല്ലാ അവകാശവാദങ്ങൾക്കും തെളിവുകളില്ല. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ (curcumin) എന്ന ഘടകത്തിന് വീക്കം കുറയ്ക്കാനുള്ള (anti-inflammatory) ശേഷിയുണ്ടെന്ന് കരുതപ്പെടുന്നതിനാൽ ശൈത്യകാലത്തെ അസുഖങ്ങൾക്ക് മഞ്ഞൾപ്പാൽ വ്യാപകമായി കുടിക്കാറുണ്ട്.
എന്നിരുന്നാലും, മഞ്ഞൾപ്പാൽ കുടിക്കുന്നത് അണുബാധ തടയുമെന്നോ സാധാരണ ജലദോഷം പൂർണ്ണമായി ഭേദമാക്കുമെന്നോ ലാബ് പരിശോധനാ ഫലങ്ങൾ ഉറപ്പുനൽകുന്നില്ല. നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്ത് പറയുന്നതനുസരിച്ച്, മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള തെളിവുകൾ പരിമിതമാണ്.
നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- മഞ്ഞൾപ്പാൽ ചൂടോടെ കുടിക്കുമ്പോൾ ആശ്വാസം നൽകുന്ന ഒരു പാനീയമാണ്.
- ഇത് ജലദോഷത്തിൽ നിന്ന് സംരക്ഷണം നൽകുകയോ ഉയർന്ന രോഗപ്രതിരോധ ശേഷി ഉറപ്പാക്കുകയോ ചെയ്യുന്നതായി കാണുന്നില്ല.
- വീര്യമേറിയ മഞ്ഞൾ സപ്ലിമെന്റുകളോ എക്സ്ട്രാക്റ്റുകളോ വശഫലങ്ങൾ ഉണ്ടാക്കാം, ചിലരിൽ ഇത് കരൾ തകരാറിന് കാരണമായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- വിട്ടുമാറാത്ത രോഗങ്ങളുള്ളവർ ഉയർന്ന അളവിലുള്ള സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടണം.
- മൂക്കടപ്പിന് ആവി പിടിക്കൽ തെളിവ്: ചില തെളിവുകളുണ്ട്, എന്നാൽ പൊള്ളലേൽക്കാനുള്ള സാധ്യതയുണ്ട്. മൂക്കടപ്പിനുള്ള ഒരു സാധാരണ ചികിത്സയാണ് ആവി പിടിക്കൽ. ഇത് ആശ്വാസം നൽകുമെങ്കിലും ജലദോഷം മാറ്റാനുള്ള ഒരു പ്രതിവിധിയായി ഇതിനെ പിന്തുണയ്ക്കാൻ തക്ക തെളിവുകളില്ല. ചൂടുവെള്ളം നിറച്ച പാത്രത്തിന് മുകളിലേക്ക് കുനിഞ്ഞിരിക്കുമ്പോൾ കുട്ടികൾക്കും മറ്റുള്ളവർക്കും ഗുരുതരമായി പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.
സുരക്ഷിതമായ മറ്റു മാർഗ്ഗങ്ങൾ:
- സലൈൻ നാസൽ ഡ്രോപ്പുകളോ സ്പ്രേകളോ ഉപയോഗിച്ച് മൂക്കടപ്പ് മാറ്റുക.
- ആശ്വാസത്തിനായി ചെറുചൂടുവെള്ളത്തിൽ കുളിക്കുക.
- അസുഖമുള്ളപ്പോൾ ധാരാളം വെള്ളം കുടിക്കുക.
- ടവൽ കൊണ്ട് മൂടി ചൂടുവെള്ള പാത്രത്തിന് മുകളിൽ ആവി പിടിക്കുന്നത് ഒഴിവാക്കുക. ഡോക്ടറുടെ സന്ദേശം: ആവി പിടിക്കുന്നത് ജലദോഷം മാറ്റുന്ന ഒരു ചികിത്സയല്ല. താൽക്കാലിക ആശ്വാസത്തിനായി സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുമ്പോൾ വൈദ്യസഹായം തേടുക.
- ഛർദ്ദിലിനും ദഹനക്കേടിനും ഇഞ്ചി തെളിവ്: ചില പ്രത്യേക ഉപയോഗങ്ങൾക്ക് അനുകൂലമായ തെളിവുകളുണ്ട്. ഇന്ത്യൻ പാചകത്തിലും പരമ്പരാഗത വൈദ്യത്തിലും ഇഞ്ചി സാധാരണയായി ഉപയോഗിക്കുന്നു. ഛർദ്ദിൽ, ദഹനക്കേട്, മറ്റ് അസ്വസ്ഥതകൾ എന്നിവ ചികിത്സിക്കാൻ ഇഞ്ചിച്ചായ ഉപയോഗിക്കാം. ഗർഭധാരണ സമയത്തുണ്ടാകുന്ന ഛർദ്ദിൽ പോലുള്ള ചില അസ്വസ്ഥതകൾ തടയാൻ ഇഞ്ചി ഫലപ്രദമാണെന്ന് ചില ശാസ്ത്രീയ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ:
- ഇഞ്ചിച്ചായ ചെറിയ രീതിയിലുള്ള ഛർദ്ദിൽ ശമിപ്പിക്കാൻ സഹായിച്ചേക്കാം.
- ഇഞ്ചി എല്ലാവരിലും ഫുഡ് പോയിസണിംഗ് ഭേദമാക്കുകയോ കടുത്ത വയറുവേദന മാറ്റുകയോ ഇല്ല.
- വീര്യമേറിയ സപ്ലിമെന്റുകൾ നെഞ്ചെരിച്ചിൽ, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം.
- ഗർഭിണികളും സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരും ഇഞ്ചി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് മുൻപ് വിദഗ്ദ്ധോപദേശം തേടണം.
- തൊണ്ടവേദനയ്ക്ക് ഉപ്പുവെള്ളം ഗാർഗ്ഗിൾ ചെയ്യുക തെളിവ്: ഇത് നല്ലൊരു താൽക്കാലിക ചികിത്സയാണ്. തൊണ്ടവേദനയ്ക്ക് ഒരു സ്വയം പരിചരണ മാർഗ്ഗമായി ചെറുചൂടുള്ള ഉപ്പുവെള്ളം ഗാർഗ്ഗിൾ ചെയ്യാൻ യുകെ നാഷണൽ ഹെൽത്ത് സർവീസ് (NHS) നിർദ്ദേശിക്കുന്നു. ഇത് അസ്വസ്ഥത ശമിപ്പിക്കാൻ സഹായിക്കും, എന്നാൽ അണുബാധ പൂർണ്ണമായി മാറ്റില്ല. സാധാരണ തൊണ്ടവേദന ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ ഭേദമാകും.
സുരക്ഷിതമായി ചെയ്യേണ്ട രീതി:
- ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് അലിയിക്കുക.
- ഈ ലായനി ഉപയോഗിച്ച് തൊണ്ട കഴുകുക (ഗാർഗ്ഗിൾ ചെയ്യുക).
- വെള്ളം വിഴുങ്ങാതെ തുപ്പി കളയുക.
- ചെറിയ കുട്ടികളെക്കൊണ്ട് ഗാർഗ്ഗിൾ ചെയ്യിക്കരുത്, കാരണം ഇത് വെള്ളം വിഴുങ്ങാനോ ശ്വാസതടസ്സത്തിനോ ഇടയാക്കും.
എപ്പോഴാണ് വീട്ടുവൈദ്യങ്ങൾ നിർത്തേണ്ടത്? വീട്ടുവൈദ്യങ്ങൾ അനുബന്ധ പരിചരണം മാത്രമാണ്, അത് ആവശ്യമായ വൈദ്യചികിത്സയ്ക്ക് പകരമാവില്ല. താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ കാണുക:
- 3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ.
- തുടർച്ചയായതോ വർദ്ധിച്ചുവരുന്നതോ ആയ പനി.
- ശ്വാസംമുട്ടൽ അല്ലെങ്കിൽ കിതപ്പ് വർദ്ധിക്കുന്നത്.
- ലക്ഷണങ്ങൾ കഠിനമാവുകയോ വേഗത്തിൽ വഷളാവുകയോ ചെയ്യുമ്പോൾ.
- ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, ഉമിനീരോ പാനീയങ്ങളോ വിഴുങ്ങാൻ ബുദ്ധിമുട്ട് എന്നിവയുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടുക.
ചുമയ്ക്ക് തേനും, ചിലതരം ഛർദ്ദിലിന് ഇഞ്ചിയും, തൊണ്ടവേദനയ്ക്ക് ഉപ്പുവെള്ളം ഗാർഗ്ഗിൾ ചെയ്യുന്നതും ആശ്വാസം നൽകും. മഞ്ഞൾപ്പാൽ ആശ്വാസകരമാണ്, എന്നാൽ ആവി പിടിക്കുന്നതിന്റെ പ്രയോജനങ്ങൾ ഉറപ്പില്ലാത്തതും പൊള്ളലേൽക്കാനുള്ള സാധ്യത ഉള്ളതുമാണ്.




