നമ്മളിൽ മിക്കവരും ഭാവിയിൽ എന്താകണം എന്ന് ചിന്തിച്ചു തുടങ്ങുന്ന കാലഘട്ടമാണ് കോളേജ് ജീവിതം. പഠനത്തിനും ബിരുദത്തിനും കൂട്ടുകാർക്കുമിടയിൽ ഭാവി പ്ലാനുകൾക്കായി ഓടിനടക്കുന്നതിനിടയിൽത്തന്നെ മറ്റു ചിലർ ഇതിനൊക്കെ അപ്പുറത്തേക്ക് ചിന്തിക്കാറുണ്ട്. അത്തരത്തിലൊരാളാണ് 21 കാരിയായ അനന്യ അഗർവാൾ.
തന്റെ കോളേജ് പഠനത്തിന്റെ അവസാന വർഷത്തിലിരിക്കെ, പഠന തിരക്കുകൾക്കിടയിലാണ് അനന്യ ഗുരുഗ്രാമിൽ സ്വന്തമായി ഒരു കഫേ ആരംഭിക്കുന്നത്. ‘ലൂം ആൻഡ് ലൈം’ (Lume & Lime) എന്ന ഈ ബിസ്ട്രോ തുടങ്ങി വെറും 50 ദിവസത്തിനുള്ളിൽ 15 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. നല്ല ഭക്ഷണവും ശാന്തവും മനോഹരവുമായ അന്തരീക്ഷവും നിറഞ്ഞ ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു ഈ കഫേയ്ക്ക് പിന്നിലെ ആശയം.
ബാച്ചിലർ ഇൻ മാനേജ്മെന്റ് സ്റ്റഡീസിന്റെ അവസാന വർഷ പഠനത്തോടൊപ്പം കഫേയുടെ കോ-ഫൗണ്ടർ, സിഇഒ എന്നീ ചുമതലകളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് എളുപ്പമായിരുന്നില്ല എന്ന് അനന്യ പറയുന്നു. പഠനത്തിനും പ്രൊജക്റ്റുകൾക്കും ഒപ്പം കഫേയിലെ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താൻ സമയം വിഭജിക്കുകയാണെന്ന് അനന്യ വ്യക്തമാക്കുന്നു. സംരംഭകത്വം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും അനുഭവങ്ങളിലൂടെയാണ് പഠിക്കുന്നതെന്നും അനന്യ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിൽ ഇറ്റാലിയൻ, മെഡിറ്ററേനിയൻ, മെക്സിക്കൻ ഭക്ഷണങ്ങളിൽ പലപ്പോഴും പ്രാദേശികമായ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് സ്വാദ് മാറ്റാറുണ്ട്. എന്നാൽ തങ്ങളുടെ കഫേയിൽ ഈ വിഭവങ്ങളുടെ യഥാർത്ഥവും തനതുമായ രുചി നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും അനന്യ പറയുന്നു.
പൂർണ്ണമായും സസ്യഭുക്ക് വിഭവങ്ങൾ മാത്രം ലഭിക്കുന്ന ഒരു ബിസ്ട്രോയാണ് ‘ലൂം ആൻഡ് ലൈം’. മെക്സിക്കൻ, ഇറ്റാലിയൻ, മെഡിറ്ററേനിയൻ വിഭവങ്ങൾക്ക് പുറമെ സ്പെഷ്യൽ കോഫികളും പാനീയങ്ങളും ഡെസേർട്ടുകളും ഇവിടെ ലഭ്യമാണ്. വീഗൻ ഭക്ഷണപ്രിയർക്കുള്ള ഓപ്ഷനുകളും കഫേയിലുണ്ട്. ബ്രിക്ക് ഒവൻ പിസ്സകൾ, ടാക്കോസ്, മെസ്സെ പ്ലേറ്ററുകൾ, ഹാൻഡ്മേഡ് പാസ്തകൾ, പ്രത്യേകതരം ബ്രെഡുകൾ, ഫ്രൈസ് എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ദിവസവും രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെയാണ് കഫേ പ്രവർത്തിക്കുന്നത്.




