Crime

കാനഡയിൽ നിന്നെത്തി, വീട്ടില്‍വരാതെ യുവതിക്കൊപ്പം പോയി; 20-കാരന്‍ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ, കൊന്നതെന്ന് കുടുംബം!

അമൃത്സർ: രണ്ട് മാസം മുൻപ് കാനഡയിൽനിന്ന് നാട്ടിലെത്തിയ ഇരുപതുകാരനായ പഞ്ചാബ് സ്വദേശി ഗുർദീപ് സിങ്ങിനെ (ഗാരി–20) അയൽവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയൽവാസിയും ഭാര്യയും ചേർന്ന് മകന്റെ പക്കൽനിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ മൻപ്രീത് സിങ്, ഭാര്യ മന്ദീപ് കൗർ, ഇവരുടെ സഹായിയായ സോണി എന്നിവർക്കെതിരെ ഗുർദീപിന്റെ പിതാവ് കരംജീത് സിങ്ങ് നൽകിയ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടു മാസം മുൻപ് കാനഡയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഗുർദീപിനെ വിമാനത്താവളത്തിൽ നിന്ന് അയൽവാസിയായ യുവതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. സ്വന്തം കുടുംബത്തെ കാണാൻ പോലും അനുവദിക്കാതെ മകനെ തടഞ്ഞുവച്ച അവർ, അവനിൽ നിന്ന് ഒൻപത് ലക്ഷത്തോളം രൂപ കൈക്കലാക്കി ട്രാക്ടറും ബൈക്കും ലാപ്ടോപ്പും വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു. രണ്ടു വർഷം മുൻപ് കാനഡയിലേക്ക് പോയ ഗുർദീപ് കുടുംബവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും, നാട്ടിൽ തിരിച്ചെത്തിയ ശേഷം വീട്ടിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. മകന്റെ ഫോൺ അവർ പിടിച്ചുവച്ചിരുന്നെന്നും അയൽവീട് വിട്ടിറങ്ങാൻ അവൻ ഭയപ്പെട്ടിരുന്നതായും കുടുംബം വെളിപ്പെടുത്തി.

ഗുർദീപിന് വിഷം നൽകുകയോ ഷോക്കടിപ്പിക്കുകയോ ചെയ്താണ് കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ സംശയം. അവന്റെ ആരോഗ്യനില വഷളായ ശേഷമാണ് അയൽവാസികൾ വിവരമറിയിച്ചതെന്നും അവിടെയെത്തുമ്പോഴേക്കും മകൻ മരണപ്പെട്ടിരുന്നുവെന്നും മാതാവ് സങ്കടത്തോടെ പറഞ്ഞു.