Featured Sports

ഇഷാൻ തിരിച്ചെത്തിയാൽ ആര് പുറത്തുപോകും? വൈഭവോ സഞ്ജുവോ? അതിലെന്താണ് ഇത്ര ആലോചിക്കാനെന്ന് അശ്വിൻ

ഓക്‌ലൻഡ് : ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശി വീണ്ടും തൻ്റെ പ്രതിഭ തെളിയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി പരാജയപ്പെട്ടതിനെത്തുടർന്നാണ് താരത്തെ വീണ്ടും ഓപ്പണിങ്ങിലേക്ക് മാറ്റിയത്. വൈഭവും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ റെക്കോർഡ് സ്കോർ നേടിയതോടെ ഇന്ത്യൻ ടീമിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. നാലാം മത്സരത്തിൽ ഇഷാൻ കിഷൻ തിരിച്ചെത്തുകയാണെങ്കിൽ ടീമിൽ നിന്ന് ആരെ പുറത്തിരുത്തുമെന്നതാണ് പ്രധാന ചോദ്യം.

വൈഭവ് ഓപ്പണറായതോടെ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിലാണ് ക്രീസിലെത്തിയത്. എന്നാൽ 18 റൺസെടുത്ത് സഞ്ജു പുറത്തായി. പരമ്പരയിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചറിയോടെ പ്ലെയർ ഓഫ് ദി മാച്ചായ സഞ്ജുവിന് രണ്ടാം മത്സരത്തിൽ 14 റൺസ് മാത്രമാണ് നേടാനായത്. അവസാന രണ്ട് മത്സരങ്ങളിലും ഇഷാൻ കിഷൻ കളിക്കാതിരുന്ന സാഹചര്യത്തിലാണ് വൈഭവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്.

വെള്ളിയാഴ്ച നടക്കുന്ന നാലാം മത്സരത്തിൽ ഇഷാന്റെ പങ്കാളിത്തം ഉറപ്പായിട്ടില്ലെങ്കിലും താരം തിരിച്ചെത്തിയാൽ വൈഭവ് അല്ലെങ്കിൽ സഞ്ജു എന്നിവരിലൊരാളെ ഒഴിവാക്കേണ്ടിവരും. ഇത് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർക്കും കോച്ച് ഗൗതം ഗംഭീറിനും തലവേദനയാകുമ്പോഴാണ് വിഷയത്തിൽ തൻ്റെ നിലപാടറിയിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ രംഗത്തെത്തിയത്.

ഇക്കാര്യത്തിൽ ആരാധകർ അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അശ്വിൻ, ട്വന്റി20യിൽ ഇന്ത്യയുടെ പ്രധാന ഇലവനിലേക്ക് വൈഭവ് സൂര്യവംശി ആദ്യ പരിഗണനയല്ലെന്ന് ചൂണ്ടിക്കാട്ടി. “നമ്മൾ അനാവശ്യമായി ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കാര്യങ്ങൾ വളരെ വ്യക്തമാണ് – വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെ ആദ്യ ചോയ്‌സ് അല്ല. സഞ്ജുവും അഭിഷേകും തന്നെയായിരിക്കും ടീമിൻ്റെ ഓപ്പണർമാർ”– തൻ്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ പറഞ്ഞു.

ഇഷാൻ കിഷൻ്റെ അഭാവത്തിൽ വൈഭവിനെക്കൊണ്ട് ഓപ്പൺ ചെയ്യിക്കാനും സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാനും ടീം മാനേജ്‌മെൻ്റ് എടുത്ത തീരുമാനത്തെ അശ്വിൻ പ്രശംസിച്ചു. “ഈ മത്സരത്തിൽ ഗൗതമും ശ്രേയസും ചെയ്ത നീക്കം വളരെ മികച്ചതാണ്. ലഭ്യമായ പ്ലേയിങ് ഇലവനെ വച്ച് ഓരോ മത്സരത്തിനും അനുയോജ്യമായ ബാറ്റിങ് ഓർഡർ തയാറാക്കണം. ഇഷാൻ ഇല്ലാത്തപ്പോൾ മൂന്നാം നമ്പറിലേക്ക് ഏറ്റവും അനുയോജ്യൻ പരിചയസമ്പന്നനായ സഞ്ജു തന്നെയാണ്. ഇഷാൻ തിരിച്ചെത്തുന്നതുവരെ ഇത് തന്നെയാണ് ശരിയായ ശൈലി”– അശ്വിൻ കൂട്ടിച്ചേർത്തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.