Crime

അമ്മ മക്കളെ അകത്ത് മുക്കിക്കൊല്ലുമ്പോൾ പുറത്ത് കാമുകന്റെ കാവൽ! കുട്ടികളെ ഒഴിവാക്കിയാൽ സ്വീകരിക്കാമെന്ന് വാഗ്ദാനം, നിവേദ്യയുടെ ക്രൂരമായ ആസൂത്രണം

ചിറ്റൂർ: വാടകവീട്ടിലെ വാട്ടർ ടാങ്കിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. വടകരപ്പതി മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്റ്റിലായത്. കുട്ടികളുടെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. കേസിൽ കുട്ടികളുടെ അമ്മ നിവേദ്യയും പ്രതിയാണ്. ഇവർ താമസിച്ചിരുന്ന വാടകവീടിന് സമീപം താമസിക്കുന്നയാളാണ് മാർട്ടിൻ.

കഴിഞ്ഞ സെപ്റ്റംബർ 29-നാണ് സഹോദരങ്ങളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ വാടകവീടിന് മുന്നിലെ കുളിമുറിയിലുള്ള സിമന്റ് വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും തുടക്കത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അമ്മ കുറ്റസമ്മതം നടത്തുകയായിരുന്നു.

തന്നെ പോലീസ്‌ അറസ്റ്റ് ചെയ്തപ്പോൾ മോഡലിങ്ങിന് പോകാൻ താല്പര്യമുണ്ടെന്നും കുട്ടികൾ അതിന് തടസ്സമാണെന്നുമാണ് നിവേദ്യ പറഞ്ഞത്. ഇവിടുത്തെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മാർട്ടിന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് നിവേദ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെ ആൺസുഹൃത്തിന്റെ പങ്ക് പൂർണ്ണമായും വ്യക്തമായി.

കുട്ടികളുടെ പിതാവ് ജോൺകുമാർ വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. നിവേദ്യ കുട്ടികളെ മുക്കിക്കൊല്ലുമ്പോൾ പുറത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മാർട്ടിൻ കാവൽ നിൽക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മരണം ഉറപ്പാക്കിയ ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് പോയി. അല്പസമയത്തിനുശേഷം തിരിച്ചെത്തിയ നിവേദ്യ കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടുകാരുടെ മുന്നിൽ തിരച്ചിൽ നടത്തുന്നതായി അഭിനയിച്ചു. കൊലപാതകത്തിനായി ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയതായും പോലീസ് അറിയിച്ചു.

മാർട്ടിൻ താമസിക്കുന്ന വീടിന് സമീപം ഒരു വർഷം മുൻപ് ജോൺകുമാറും നിവേദ്യയും വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് ഇരുവരും അടുപ്പത്തിലാകുന്നത്. കുട്ടികളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പുനൽകിയ വാട്സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മാർട്ടിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി എം. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് തെളിയിച്ചത്.