തിരുവനന്തപുരം കോവളം സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ മായ പൊലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മായ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു.
അറസ്റ്റിലായ മായ കോവളത്തെ സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രധാന പ്രതിയും തിരുവനന്തപുരം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിന്റെ അടുത്ത സുഹൃത്താണ് ഇവർ. കഴിഞ്ഞ ഒന്നര വർഷമായി സൗഹൃദത്തിലുള്ള ഇരുവരും ചേർന്നാണ് സ്പാ തുടങ്ങാൻ പണം മുടക്കിയതും അതിൽ നിന്നുള്ള ലാഭം പങ്കുവെച്ചിരുന്നതും. സ്പായിലെ വരുമാനം അനുരൂപ് വഴി മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പെൺകുട്ടിയെ അവിടെ എത്തിച്ചതും പീഡനത്തിന് ഇരയാക്കിയതും മായയ്ക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കിയ പൊലീസ്, പെൺകുട്ടിയെ എത്തിച്ച ഇടനിലക്കാർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസ്സുകാരിയാണ് മാസങ്ങളോളം സ്പായിൽ ക്രൂര പീഡനത്തിനിരയായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഈ ക്രൂരത പുറത്തറിയുന്നത്. പെൺകുട്ടിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിക്കാർ നൽകിയ രേഖകളിൽ 20 വയസ്സെന്നാണ് കാണിച്ചിരുന്നത്. എന്നാൽ സംശയം തോന്നിയ പൊലീസ്, കുട്ടി പഠിച്ച സ്കൂളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും യഥാർത്ഥ പ്രായം 16 ആണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്. കേസിൽ സ്പാ നടത്തിപ്പുകാരായ നിശാന്ത്, സജിത്ത് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിന്റെ പ്രധാന ഉടമ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്ന് കണ്ടെത്തുന്നതും ഇയാളെ അറസ്റ്റ് ചെയ്യുന്നതും.




