Health

ചൂടോടെ ഒരു ചായ! ഈ ശീലം ഭക്ഷണനാളിയെ തകർക്കും; മുന്നറിയിപ്പുമായി പ്രമുഖ ക്യാൻസർ വിദഗ്ദ്ധൻ

ചൂടുള്ള ചായ കുടിക്കുന്നത് പലരുടെയും പ്രഭാത ശീലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം സുരക്ഷിതമാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? അമിത ചൂടിൽ ചായയോ മറ്റ് പാനീയങ്ങളോ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാംഗ്ലൂരിലെ കൺസൾട്ടന്റ് ക്ലിനിക്കൽ ഓങ്കോളജിസ്റ്റായ ഡോ. സപ്തർഷി ഘോഷ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുന്നു.

വളരെ ചൂടായ പാനീയങ്ങൾ തുടർച്ചയായി കുടിക്കുന്നത് അന്നനാളത്തെ (oesophagus) സാരമായി ബാധിക്കാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. അന്നനാളത്തിന്റെ ആവരണ കോശങ്ങളെ ഉയർന്ന ചൂട് പരിക്കേൽപ്പിക്കുകയും, ഇത് ആവർത്തിക്കപ്പെടുമ്പോൾ കോശങ്ങൾക്ക് നിരന്തരം കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ചായയോ കാപ്പിയോ മാത്രമല്ല, തണുപ്പുകാലത്ത് കുടിക്കുന്ന ചൂടുള്ള സൂപ്പ് പോലും അന്നനാളത്തിന്റെ ആവരണത്തിന് കേടുവരുത്താം.

ശരീരം തകരാറിലായ കോശങ്ങളെ സ്വാഭാവികമായി നന്നാക്കി എടുക്കാറുണ്ടെങ്കിലും, അമിത ചൂട് മൂലം നിരന്തരം കോശങ്ങൾക്ക് പരിക്കേൽക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അന്നനാളത്തിലെ അർബുദത്തിന് (oesophageal cancer) കാരണമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഇത്തരം അർബുദങ്ങളുടെ മറ്റ് പ്രധാന കാരണങ്ങൾ.

60-65 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ നിർദ്ദേശിക്കുന്നു. വായ്ക്കോ തൊണ്ടയ്ക്കോ പൊള്ളലേൽക്കാത്ത വിധം ചായ അല്പം തണുത്ത ശേഷം കുടിക്കുക എന്ന ശീലം വളർത്തിയെടുക്കുക.