Featured Sports

ഒറ്റയാൾ പോരാട്ടം! ഓസീസിനെതിരെ ചരിത്ര സെഞ്ചുറി; രോഹിത് ശർമ്മയെ മറികടന്ന് ബാവുമ, 60 വർഷത്തെ റെക്കോർഡ് തകർത്ത് യാൻസന്‍

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമ ചരിത്രം കുറിച്ചപ്പോള്‍ മറ്റൊരു റെക്കോര്‍ഡുമായി ഓൾറൗണ്ടർ മാർക്കോ യാൻസന്‍. 110/6 എന്ന തകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറിയത് 334 പന്തുകളിൽ നിന്ന് ബാവുമ നേടിയ 179 റൺസാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ സ്വന്തമാക്കി. മത്സരം ആരംഭിക്കുമ്പോൾ 36 വയസ്സും 154 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 2023-ൽ നാഗ്പൂർ ടെസ്റ്റിൽ 35 വയസ്സും 285 ദിവസവും പ്രായമുള്ളപ്പോൾ രോഹിത് ശർമ്മ കുറിച്ച റെക്കോർഡാണ് ബാവുമ തിരുത്തിയത്. WTC ചരിത്രത്തിൽ സെഞ്ചുറി തികയ്ക്കുന്ന പ്രായം കൂടിയ മൂന്നാമത്തെ ക്യാപ്റ്റൻ കൂടിയാണ് ബാവുമ. 2024-ൽ ധർമ്മശാലയിൽ ഇംഗ്ലണ്ടിനെതിരെ 36 വയസ്സും 312 ദിവസവും പ്രായമുള്ളപ്പോൾ 103 റൺസ് നേടിയ രോഹിത് ശർമ്മയ്ക്കായിരുന്നു ഈ റെക്കോർഡ്.

ഇതിനിടെ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസൻ ഒരു ചരിത്ര നേട്ടം സ്വന്തമാക്കി. 110 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തകർച്ച നേരിടുമ്പോൾ എട്ടാമനായി ക്രീസിലെത്തിയ യാൻസൻ, ക്യാപ്റ്റൻ തെംബ ബാവുമയ്ക്കൊപ്പം 132 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സ്കോട്ട് ബോളണ്ടിന്റെ പന്തിൽ ട്രെവിസ് ഹെഡിന് ക്യാച്ച് നൽകി പുറത്താകുന്നതിന് മുൻപ് 100 പന്തിൽ നിന്ന് 85 റൺസാണ് യാൻസൻ നേടിയത്. അർഹിച്ച സെഞ്ചുറി കൈവിട്ടുപോയെങ്കിലും റക്കോർഡ് പുസ്തകത്തിൽ തന്റെ പേരെഴുതിച്ചേർക്കാൻ അദ്ദേഹത്തിനായി.

നാട്ടിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റിൽ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡ് ഈ ഇന്നിങ്സോടെ യാൻസൻ സ്വന്തമാക്കി. 1966-ൽ ജോഹന്നസ്ബർഗിൽ 76 റൺസ് നേടിയ പീറ്റർ വാൻ ഡെർ മെർവെയുടെ പേരിൽ നിലനിന്നിരുന്ന റെക്കോർഡാണ് യാൻസൻ മറികടന്നത്. കൂടാതെ, ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ എട്ടാം നമ്പറിൽ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡിന് വെറും 3 റൺസ് മാത്രം അകലെയാണ് യാൻസൻ വീണത്. 1998-ൽ അഡ്‌ലെയ്ഡ് ഓവലിൽ പുറത്താകാതെ 87 റൺസ് നേടിയ ബ്രയാൻ മക്മില്ലന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. 85 റൺസ് നേടിയ യാൻസൻ ഇപ്പോൾ ഈ പട്ടികയിൽ രണ്ടാമതാണ്.

WTC-യിൽ ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയ പ്രായം കൂടിയ നായകർ:

  • തെംബ ബാവുമ (ദക്ഷിണാഫ്രിക്ക): 179, 36 വയസ്സും 154 ദിവസവും (ഗെബെർഹ, ഒക്ടോബർ 18, 2026)
  • രോഹിത് ശർമ്മ (ഇന്ത്യ): 120, 35 വയസ്സും 285 ദിവസവും (നാഗ്പൂർ, ഫെബ്രുവരി 9, 2023)
  • അജിങ്ക്യ രഹാനെ (ഇന്ത്യ): 112, 32 വയസ്സും 203 ദിവസവും (മെൽബൺ, ഡിസംബർ 26, 2020)
  • ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്): 155, 32 വയസ്സും 24 ദിവസവും (ലോർഡ്സ്, ജൂൺ 28, 2023)
  • ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (വെസ്റ്റ് ഇൻഡീസ്): 110, 29 വയസ്സും 364 ദിവസവും (പെർത്ത്, നവംബർ 30, 2022)
  • ബാബർ അസം (പാകിസ്ഥാൻ): 196, 27 വയസ്സും 148 ദിവസവും (കറാച്ചി, മാർച്ച് 12, 2022)