Crime

ശാരീരികബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞു; കാമുകന്‍ ശ്വാസംമുട്ടിച്ച് കൊന്നു; പുളിക്കീഴിലെ കുഞ്ഞിന്റെ മരണം കൊലപാതകം, അമ്മ അറസ്റ്റിൽ

പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ നാടോടി സ്ത്രീയായ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട അമ്മയുടെ കാമുകനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

2023-ലാണ് പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ കൈയില്ലാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അക്കാലത്ത് സമാനമായ കാണാതാകൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ അന്വേഷണം മുന്നോട്ടുപോകാതെ മരവിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തിയ മറ്റൊരു കേസിന്റെ അന്വേഷണമാണ് പത്തനംതിട്ടയിലെ കേസിൽ നിർണ്ണായക വഴിത്തിരിവായത്. നാടോടികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്തുണ്ടായ ഒരു വഴക്കിനിടെ കുട്ടിയെ കൊലപ്പെടുത്തിയ വിവരം പുറത്തുവരികയും ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു.

സ്ഥിരമായി ഒരിടത്തും മേൽവിലാസമില്ലാത്ത ഇവർ കേരളത്തിൽ വിവിധയിടങ്ങളിൽ പഴയ സാധനങ്ങൾ ശേഖരിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. ആലപ്പുഴയിൽ വെച്ചാണ് കുട്ടിയുടെ അമ്മ കാമുകനെ കണ്ടുമുട്ടുന്നതും തുടർന്ന് ഇരുവരും ചങ്ങനാശ്ശേരിയിലേക്ക് മാറിയതും. ഇവിടെവെച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കുട്ടി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് കാമുകൻ കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ഇയാൾ സ്വന്തം സഹോദരനെക്കൂടി സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

തുടർന്ന് മൃതദേഹം പത്തനംതിട്ട പുളിക്കീഴിൽ എത്തിച്ച് ചതുപ്പുനിലത്തിൽ കുഴിച്ചുമൂടി. രണ്ടുദിവസത്തിനുശേഷം പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കൈപ്പത്തിയും കാലുമില്ലാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. മിസ്സിങ് കേസുകളോ പരാതിയോ ഇല്ലാത്തതിനാലും സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാതിരുന്നതിനാലും പോലീസിന് തുടരന്വേഷണം സാധ്യമായിരുന്നില്ല. എന്നാൽ പാലക്കാട് പോലീസ് സമാനമായ കേസ് അന്വേഷിച്ചെത്തിയപ്പോഴാണ് ഈ മരണത്തിന് പഴയ സംഭവവുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്.

ഇതോടെയാണ് കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്മയെ എത്തിച്ച് മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് പോലീസ്‌ തെളിവെടുപ്പ് പൂർത്തിയാക്കി. കാമുകനായി ഇപ്പോൾ തിരച്ചിൽ നടന്നുവരികയാണ്. കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.