സംസ്ഥാനത്തെ 225 അതിജീവിതമാർക്കുള്ള നഷ്ടപരിഹാര തുകയായ 9.73 കോടി രൂപ അഞ്ച് ആഴ്ചയ്ക്കകം വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കോടതി ഈ നിർദേശം നൽകിയത്. വിതരണത്തിന്റെ പുരോഗതി എല്ലാ ആഴ്ചയും വിലയിരുത്താൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) മെമ്പർ സെക്രട്ടറിക്കും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി, കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ തന്നെ അതിജീവിതരിൽ നിന്ന് ആവശ്യമായ മുഴുവൻ രേഖകളും ശേഖരിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സെക്രട്ടറിമാരോടും കോടതി ആവശ്യപ്പെട്ടു.
പുതുക്കിയ നിരക്കിൽ മധ്യസ്ഥർക്ക് നൽകേണ്ട ഓണറേറിയം വിതരണം ചെയ്യാനും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതിജീവിതർക്കുള്ള നഷ്ടപരിഹാരവും മധ്യസ്ഥർക്കുള്ള ഹോണറേറിയവും നൽകുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം കണക്കിലെടുത്താണ് കോടതിയുടെ ഈ നിർണായക ഉത്തരവ്.
സംസ്ഥാനത്തെ വിവിധ മധ്യസ്ഥ, തർക്കപരിഹാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഇടപെടൽ. ഈ വിഷയത്തിൽ കെൽസ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ച കോടതി, മധ്യസ്ഥർക്കുള്ള പുതുക്കിയ ഓണറേറിയം നിരക്കുകൾ സംബന്ധിച്ച കാര്യങ്ങളും പരിഗണിച്ചു.




