മഹാരാഷ്ട്രയിലെ നളസൊപാരയിൽ 17-കാരിയായ പെൺകുട്ടി പ്രസവിച്ച് തൊട്ടടുത്ത ദിവസം നവജാതശിശുവിനെ 40,000 രൂപയ്ക്ക് വിറ്റുവെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതും തുടർന്ന് നടന്ന കുട്ടിക്കടത്തും വെളിച്ചത്തായി. പെൺകുട്ടിയെ പീഡിപ്പിച്ച 22-കാരനായ യുവാവിനും ഇയാളുടെ അമ്മയ്ക്കും അയൽവാസിയായ സ്ത്രീക്കുമെതിരെ പോലീസ് കേസെടുത്തതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പോക്സോ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസവമെടുത്ത ഡോക്ടർക്കും കുഞ്ഞിനെ വാങ്ങിയ ദമ്പതികൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നളസൊപാര ഈസ്റ്റിൽ താമസിക്കുന്ന പെൺകുട്ടി 22-കാരനുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അമ്മയറിഞ്ഞതോടെ, ഞായറാഴ്ച പെൺകുട്ടിയെ നളസൊപാര ഈസ്റ്റിലെ സന്തോഷ് ഭുവനിലുള്ള സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷാഹീൻ ഷെയ്ഖ് എന്ന ഡോക്ടറാണ് പ്രസവമെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസവത്തിന് ശേഷം പെൺകുട്ടിയെ വീട്ടിലേക്ക് അയക്കുകയും, നവജാതശിശുവിനെ നളസൊപാരയിലെ ദമ്പതികൾക്ക് ഏകദേശം 40,000 രൂപയ്ക്ക് വിൽക്കുകയുമായിരുന്നു.
തൊട്ടടുത്ത ദിവസം പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് വസായ്-വിരാർ മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള തുളിഞ്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി അടുത്തിടെ പ്രസവിച്ചതാണെന്ന വിവരം ഡോക്ടർമാർ കണ്ടെത്തുന്നത്. ആശുപത്രി അധികൃതർ തിങ്കളാഴ്ച രാത്രി തന്നെ തുളിഞ്ച് പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് വസായ്-വിരാർ മുൻസിപ്പൽ കോർപ്പറേഷൻ സൂര്യ ആശുപത്രി പൂട്ടി സീൽ ചെയ്തു. ആശുപത്രിയിൽ അനധികൃതമായി പ്രസവം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ചെയർമാൻ നിലേഷ് ദേശ്മുഖ് അറിയിച്ചു.




