മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയ 21കാരനാണ് ‘ബിട്ടു തബാഹി’ എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു മാസങ്ങളെടുത്ത് സ്വന്തം കൈകൊണ്ട് നദി വൃത്തിയാക്കിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ആ നദിയുടെ അവസ്ഥ വീണ്ടും പഴയപടിയായിരിക്കുകയാണ്. അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഇതിനെത്തുടർന്ന് പ്രതികരണവുമായി ബിട്ടു തന്നെ രംഗത്തെത്തിയിട്ടുണ്ട്. നദി ശുചീകരിക്കാൻ മാസങ്ങളോളം താൻ നടത്തിയ കഠിനാധ്വാനം മുഴുവൻ പാഴായെന്ന് ബിട്ടു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ വിഡിയോയിൽ പറയുന്നു. എന്നാൽ നിരാശനായി പിന്മാറുന്നതിന് പകരം ബിട്ടു വീണ്ടും നദിയിലേക്ക് ഇറങ്ങി മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. തന്റെ 8 മാസത്തെ കഠിനാധ്വാനം ഇങ്ങനെ പാഴായിപ്പോകുമെന്ന് കരുതിയില്ലെന്ന് ഇൻസ്റ്റാഗ്രാം വിഡിയോക്ക് താഴെ കുറിച്ച ബിട്ടു, നദിയിലെ മാലിന്യങ്ങൾ കൂടുതൽ കാര്യക്ഷമമായി എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാനും അഭ്യർഥിച്ചു.
റിപ്പബ്ലിക് ദിനമായ ജനുവരി 26-നാണ് ബിട്ടു ആദ്യമായി നദി ശുചീകരിക്കാൻ തുടങ്ങുന്നത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, പായൽ എന്നിവയൊക്കെ തനിയെ വാരി മാറ്റി. ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ, സ്വന്തം സമ്പാദ്യത്തിൽ നിന്നും പോക്കറ്റ് മണിയിൽ നിന്നും ഏകദേശം 30,000 രൂപയോളം ചെലവഴിച്ചാണ് അവൻ ശുചീകരണ ദൗത്യം നടത്തിയത്. പുഴ വൃത്തിയാക്കുന്നതിന്റെ മുൻപും പിൻപുമുള്ള ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ബിട്ടുവിന്റെ ശ്രമം ഫലം കണ്ടതോടെ ബിയാവോറ നഗരസഭ ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങൾ ഇറക്കി പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ മുന്നോട്ടുവരികയും ചെയ്തു.
സോഷ്യൽ മീഡിയയിൽ റീച്ചും വ്യൂസും കൂട്ടാൻ വേണ്ടിയുള്ള നാടകമാണിതെന്ന് വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയെങ്കിലും വിമർശനങ്ങൾ ഗൗനിക്കാതെ ബിട്ടു ദൗത്യം തുടരുകയായിരുന്നു. ഇതിനിടെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ബിട്ടുവിന് പിന്തുണയുമായി എത്തി. “ലൈക്കുകൾക്ക് വേണ്ടി ചെയ്തതാണെങ്കിൽ പോലും അത് സമൂഹത്തിന് ഉപകാരപ്രദമായ നല്ലൊരു കാര്യത്തിന് വഴിമാറുമെങ്കിൽ അതിൽ തെറ്റൊന്നുമില്ല” എന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. കൂടാതെ, കടലിലെയും പുഴകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തിക്കുന്ന നെതർലാൻഡ്സ് സംഘടനയായ ‘ദി ഓഷ്യൻ ക്ലീനപ്പിന്റെ’ സ്ഥാപകൻ ബോയൻ സ്ലാറ്റ് ബിട്ടുവിനെ നേരിട്ട് തങ്ങളുടെ കമ്പനിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാൽ അജ്നാർ നദി വീണ്ടും പഴയപടിയായത് ബിട്ടുവിനെ പോലെ തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളെയും നിരാശരാക്കിയിട്ടുണ്ട്. നദികളിലേക്കും ജലാശയങ്ങളിലേക്കും ആളുകൾ തുടർച്ചയായി മാലിന്യം വലിച്ചെറിയുന്നതിനെതിരെ വലിയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ പൗരബോധമില്ലായ്മയ്ക്കെതിരെയും മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾക്കെതിരെയും നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ പ്രതികരിക്കുന്നത്. ബിട്ടുവിന്റെ ആത്മാർത്ഥതയെ പ്രശംസിക്കുന്നതിനൊപ്പം തന്നെ, നമ്മൾ ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നും പലരും ഓർമ്മിപ്പിക്കുന്നു.




