ചണ്ഡീഗഡ്: പഞ്ചാബിൽ മെഡിക്കൽ സ്റ്റോർ കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപ്പന ചോദ്യം ചെയ്ത ലഹരിവിരുദ്ധ പ്രവർത്തകനെ കടയുടമ വെടിവച്ചു കൊലപ്പെടുത്തി. മാൻസയിൽ ഇന്നലെ രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലഹരിവിരുദ്ധ പ്രവർത്തകനായ പർവിന്ദർ സിങ് ജോത്ത എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കടയുടമയോട് വിഷയം സംസാരിച്ചുകൊണ്ട് പർവീന്ദർ ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു വെടിവെയ്പ്പുണ്ടായത്.
ഏകദേശം അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പ്രായമായ ഒരാൾക്കൊപ്പമാണ് പർവിന്ദർ മെഡിക്കൽ സ്റ്റോറിലേക്ക് എത്തുന്നത്. തുടർന്ന് ലഹരി മരുന്ന് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കടയുടമയും പർവിന്ദറും തമ്മിൽ കടുത്ത വാഗ്വാദമുണ്ടാകുന്നു. ഈ സമയം കടയുടമ തന്റെ കൈവശം ഒരു തോക്ക് വച്ചിരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
“നിങ്ങൾ എന്തിനാണ് തോക്ക് കൈയിൽ വച്ചിരിക്കുന്നത്, എന്നെ കൊല്ലാനാണോ, എങ്കിൽ കൊന്നോളൂ” എന്ന് പർവിന്ദർ കടയുടമയോട് വെല്ലുവിളിക്കുന്നത് കേൾക്കാം. തുടർന്ന് പോലീസിനെയും കൂടുതൽ നാട്ടുകാരെയും വിവരമറിയിക്കാൻ കൂടെയുള്ള ആളോട് ആവശ്യപ്പെടുന്ന പർവിന്ദർ, സിസിടിവി ദൃശ്യങ്ങൾ കാണിക്കാനും കടയുടമയോട് തർക്കിക്കുന്നുണ്ട്.
ഇതിനിടയിൽ, തന്റെ പക്കൽ നിന്നാണോ ലഹരി വാങ്ങിയതെന്ന് കടയുടമ കൂടെയുള്ള പ്രായമായ ആളോട് ചോദിക്കുമ്പോൾ, അതിന്റെ റെക്കോർഡിങ് മുഴുവൻ തങ്ങളുടെ പക്കലുണ്ടെന്ന് പർവീന്ദർ മറുപടി നൽകി. നാലു മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ കടയുടമ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ പർവീന്ദർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പർവിന്ദറിന്റെ കൈയിലുണ്ടായിരുന്ന ഫോൺ നിലത്തു വീണതോടെ ലൈവ് സ്ട്രീമിങ് അവസാനിക്കുകയും ചെയ്തു.
സംഭവത്തിനുശേഷം പ്രതിയായ കടയുടമ ഓടി രക്ഷപ്പെട്ടു. വർഷങ്ങളായി മാൻസയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ സജീവമായി പോരാടിയിരുന്ന വ്യക്തിയാണ് പർവിന്ദർ ജോത്ത. ഫെയ്സ്ബുക്കിൽ 24,000-ത്തിലധികം പിന്തുണക്കാരുള്ള പർവിന്ദർ ഇത്തരം ജനകീയ ഇടപെടലുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്.



