വർക്കൗട്ടുകൾ, യോഗ, ലളിതമായ ജീവിതശൈലി എന്നിവയിലൂടെ വ്യായാമപ്രിയർക്ക് എപ്പോഴും പ്രചോദനമാകുന്ന താരമാണ് ശിൽപ ഷെട്ടി. എല്ലാ തിങ്കളാഴ്ചയും ആരാധകർക്കായി പുതിയൊരു ഫിറ്റ്നസ് പാഠവുമായാണ് താരം എത്താറുള്ളത്. കൈകളുടെ സഹായമില്ലാതെ നിലത്തുനിന്ന് എഴുന്നേൽക്കുക എന്ന കാഴ്ചയിൽ ലളിതമെന്ന് തോന്നുമെങ്കിലും ഏറെ വെല്ലുവിളി നിറഞ്ഞതുമായ ഒരു വ്യായാമമാണ് ഈ ആഴ്ച ശിൽപ പരിചയപ്പെടുത്തിയത്.
കൈകൾ കുത്താതെ നിലത്തുനിന്ന് എഴുന്നേൽക്കുക എന്നത് കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നാമെങ്കിലും, ഇതിന് മികച്ച ശാരീരിക ശക്തിയും സന്തുലനാവസ്ഥയും ഏകോപനവും ശരീരത്തിന്റെ അയവും (mobility) ആവശ്യമാണ്. ദിനംപ്രതി ചെയ്യുന്ന ഇത്തരം ചലനങ്ങൾ ഒരാളുടെ ശാരീരികക്ഷമത വ്യക്തമാക്കുമെന്ന് ശിൽപ ചൂണ്ടിക്കാണിക്കുന്നു. വെറുതെ എഴുന്നേൽക്കുക എന്നതിലുപരി അത് എങ്ങനെ ചെയ്യുന്നു എന്നതിനാണ് പ്രാധാന്യമെന്ന് താരം ഓർമ്മിപ്പിക്കുന്നു. അടിവയറ്റിലെ പേശികൾ, കാൽമുട്ടുകൾ, ഇടുപ്പ്, ഉപ്പൂറ്റി എന്നിവയുടെ ആരോഗ്യം ഈ വ്യായാമത്തിന് അത്യാവശ്യമാണ്.
പ്രായമാകുമ്പോഴും ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താനും ദൈനംദിന കാര്യങ്ങൾ മറ്റുള്ളവരുടെ സഹായമില്ലാതെ ചെയ്യാനും ഇത്തരം പരിശീലനങ്ങൾ സഹായിക്കും. എന്നാൽ എല്ലാവരും ഒരുപോലെ ഇത് ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കരുത്. വഴുതിവീഴാത്ത പ്രതലത്തിൽ, പിടിക്കാൻ എന്തെങ്കിലും താങ്ങുള്ള സ്ഥലത്ത് വേണം ഇത് പരിശീലിക്കാൻ. വേദനയോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അവസാനിപ്പിക്കണം.
മുട്ടുവേദന, ഇടുപ്പിലെ അസ്ഥിരോഗങ്ങൾ, ശസ്ത്രക്രിയ കഴിഞ്ഞവർ, ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം ഉള്ളവർ, തലകറക്കവും ബാലൻസ് പ്രശ്നങ്ങളുമുള്ളവർ എന്നിവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ. ഫിറ്റ്നസ് നിലനിർത്താൻ സങ്കീർണ്ണമായ വ്യായാമങ്ങളോ കഠിനമായ ജിം പരിശീലനങ്ങളോ ആവശ്യമില്ലെന്നും, നമ്മുടെ ദൈനംദിന ചലനങ്ങൾ ശ്രദ്ധിക്കുന്നത് തന്നെ ശാരീരിക ക്ഷമത മനസ്സിലാക്കാൻ സഹായിക്കുമെന്നും ശിൽപ ഓർമ്മിപ്പിക്കുന്നു.




