വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ വൈഭവ് സൂര്യവംശിക്ക് സാധിച്ചില്ല. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഓപ്പണിംഗ് സ്ഥാനങ്ങളിൽ തുടരുമ്പോൾ സൂര്യവംശിക്ക് ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വന്നു. സഞ്ജുവും അഭിഷേകും പൂർണ്ണമായും തിളങ്ങിയിട്ടില്ലെങ്കിലും, 15-കാരനായ സൂര്യവംശിയെ പുറത്തിരുത്താൻ തക്ക മികച്ച പ്രകടനം സഞ്ജു കാഴ്ചവെക്കുന്നുണ്ടെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെടുന്നത്.
യുവ ഓപ്പണർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെങ്കിലും, ടീമിലെ കടുത്ത മത്സരം കാരണം തന്റെ ഊഴത്തിനായി കാത്തിരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് അശ്വിൻ സമ്മതിച്ചു. ടീമിലെ മത്സരത്തെക്കുറിച്ച് സംസാരിക്കവേ, ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമായതിനാൽ അഭിഷേക് ശർമ്മയുടെ സ്ഥാനം സുരക്ഷിതമാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
വൈഭവിനെ ടീമിന് പുറത്തുനിർത്താൻ തക്ക പ്രകടനം സഞ്ജു നിലവിൽ നടത്തുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിൽ അശ്വിൻ പറഞ്ഞു. വൈഭവിന് അവസരം ലഭിക്കേണ്ടതാണെങ്കിലും ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. അഭിഷേക് ശർമ്മയെ മാറ്റാൻ കഴിയില്ലെന്ന് മാനേജ്മെന്റിനും എല്ലാവർക്കും അറിയാം. അത്രയും അപൂർവ്വ കഴിവുള്ള കളിക്കാരനാണ് അഭിഷേക്. ഫോമിലായാൽ ഇന്ത്യയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അശ്വിൻ വ്യക്തമാക്കി.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ 30 പന്തിൽ നിന്ന് 69 റൺസ് നേടി ഇന്ത്യയുടെ 14 റൺസ് വിജയത്തിൽ അഭിഷേക് നിർണ്ണായക പങ്കുവഹിച്ചിരുന്നു. അഭിഷേകിന്റെ കളി കാണാൻ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ കരിയർ മികച്ച രീതിയിൽ മുന്നേറുകയാണെന്നും അശ്വിൻ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങളായി പ്രയാസമേറിയ പിച്ചുകളിൽ അദ്ദേഹം റൺസ് കണ്ടെത്തുന്നു എന്നത് പോസിറ്റീവായ കാര്യമാണ്. അദ്ദേഹത്തിന്റെ കളി മികവ് താഴേക്ക് പോകുന്നില്ല. ശൈലിയും ടൈമിംഗും കൊണ്ട് കളി എളുപ്പമാക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണാൻ തനിക്ക് എപ്പോഴും ഇഷ്ടമാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ അഭിഷേകിനെയോ സഞ്ജുവിനെയോ മാറ്റുക സൂര്യവംശിക്ക് പ്രയാസമാണെങ്കിലും, അധികകാലം താരത്തെ ബെഞ്ചിലിരുത്താൻ ഇന്ത്യക്ക് കഴിയില്ല. മുമ്പ് ഏഷ്യൻ ഗെയിംസിൽ കണ്ടതുപോലെ അഭിഷേകിനൊപ്പം സൂര്യവംശിയെ ഓപ്പണറാക്കുകയും സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റുകയും ചെയ്യുന്ന കാര്യ മാനേജ്മെന്റിന് പരിഗണക്കാവുന്നതാണ്. ഇഷാൻ കിഷൻ നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും എത്തുന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും. എന്നാൽ അന്തിമ തീരുമാനം ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ കൈകളിലാണ്.




