യുകെയിൽ നിന്നുള്ള ഒരു കർഷകൻ ഭീമാകാരമായ മത്തങ്ങ ഉത്പാദിപ്പിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. ഹാംപ്ഷയറിൽ നിന്നുള്ള നഴ്സറി ഉടമയും മുതിർന്ന കർഷകനുമായ ഇയാൻ പാറ്റൺ ആണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങ വളർത്തിയെടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.
ഗ്രേറ്റ് പംപ്കിൻ കോമൺവെൽത്ത് (ജി.പി.സി) അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച്, ഒക്ടോബർ 3-ന് അളന്ന ഇയാന്റെ മത്തങ്ങയ്ക്ക് 1,295.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു. മകന്റെ നിർദ്ദേശപ്രകാരം, റഡ്യാർഡ് കിപ്ലിംഗിന്റെ ‘ദി ജംഗിൾ ബുക്ക്’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ഭീമൻ മത്തങ്ങയ്ക്ക് ‘ബഗീര’ എന്ന് പേരിട്ടു.
ഈ കൂറ്റൻ മത്തങ്ങയിലൂടെ, ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഭാരമേറിയ മത്തങ്ങയ്ക്കുള്ള റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യത്തെ ബ്രിട്ടീഷുകാരൻ എന്ന തന്റെ മുൻ റെക്കോർഡ് ഇയാൻ പാറ്റൺ തിരുത്തിക്കുറിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് അനുസരിച്ച്, ഇയാൻ മുൻപ് വളർത്തിയ മത്തങ്ങയേക്കാൾ ഏകദേശം 20 കിലോഗ്രാം കൂടുതൽ ഭാരമുണ്ട് പുതിയതിന്. ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന പദവി നഷ്ടപ്പെട്ടെങ്കിലും, മുൻപ് വളർത്തിയ ‘മഗ്ഗിൾ’ എന്ന് പേരിട്ട മത്തങ്ങ 649.8 സെന്റീമീറ്റർ ചുറ്റളവോടെ ഇപ്പോഴും വണ്ണത്തിൽ ഏറ്റവും വലിയ മത്തങ്ങയായി തുടരുന്നു. എന്നാൽ ‘ബഗീര’യ്ക്ക് 596.9 സെന്റീമീറ്റർ ചുറ്റളവുണ്ട്.
ഭീമൻ മത്തങ്ങ വളർത്തിയെടുത്ത അനുഭവത്തെക്കുറിച്ച് സംസാരിക്കവേ ഇയാൻ ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു: “വളരെയധികം അധ്വാനം വേണ്ടിവന്നു. രണ്ടു മാസത്തോളം ദിവസം ആറു മണിക്കൂർ വരെ തോട്ടത്തിൽ ഞാൻ തനിച്ചായിരുന്നു… എങ്കിലും ഞാൻ അത് ചെയ്തെടുത്തു.” ഭീമൻ മത്തങ്ങകൾ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഉപദേശം നൽകവേ, ഗ്രീൻഹൗസിനുള്ളിൽ മത്തങ്ങകൾ വളർത്തുന്നത് അവയ്ക്ക് തുടക്കത്തിൽ തന്നെ നല്ല വളർച്ച നൽകുമെന്നും അവയുടെ പൂർണ്ണ ശേഷിയിൽ എത്താൻ “മതിയായ സമയം ലഭിക്കുമെന്നും” ഇയാൻ പറഞ്ഞു.
ഗ്രീൻഹൗസിലെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടുള്ള സമയങ്ങളിൽ, മത്തങ്ങച്ചെടികൾക്ക് പ്രതിദിനം 130 ഗാലൻ (590 ലിറ്റർ) വരെ, അതായത് ഏകദേശം മൂന്ന് ബാത്ത് ടബ് നിറയെ വെള്ളം ലഭിച്ചിരുന്നതായും ഇയാൻ വെളിപ്പെടുത്തി.
മത്സരത്തിലേക്ക് വീണ്ടും തിരികെ വരാനും ഇതിലും വലിയ മത്തങ്ങ വളർത്താൻ ശ്രമിക്കാനും ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “എനിക്ക് ഇത് തുടരണം. 3,000 പൗണ്ട് (ഏകദേശം 1,360 കിലോഗ്രാം) ഭാരമുള്ള മത്തങ്ങ വളർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് ഇപ്പോൾ എന്റെ മനസ്സിലുള്ളത്,” എന്ന് ഇയാൻ പറഞ്ഞു.
ഈ കൂറ്റൻ മത്തങ്ങയായ ‘ബഗീര’ ഒക്ടോബർ അവസാനം വരെ ഹാംപ്ഷയറിലെ സതാംപ്റ്റണിന് സമീപമുള്ള സണ്ണിഫീൽഡ്സ് ഫാമിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.




