രോഗശാന്തി നൽകേണ്ട ആശുപത്രികളിൽ അക്രമ സംഭവങ്ങൾ നടക്കാൻ പാടില്ലാത്തതാണ്. എന്നാൽ കർണാടകയിലെ ഒരു സർക്കാർ ആശുപത്രിയിൽ കോഴിയെച്ചൊല്ലി വൻ സംഘർഷമാണ് അരങ്ങേറിയത്. ചിക്കബല്ലാപ്പൂർ ജില്ലയിലെ ഗൗരിബിദാനൂർ ഗ്രാമത്തിലാണ് സംഭവം. ഒരു വീഡിയോയിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
രണ്ട് കുടുംബങ്ങൾ തമ്മിൽ കോഴിയെച്ചൊല്ലി തുടങ്ങിയ തർക്കമാണ് വലിയ അടിപിടിയിൽ കലാശിച്ചത്. തുടർന്ന് പരിക്കേറ്റ ഇരുവിഭാഗത്തിലെയും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷവും ഇവർ അടങ്ങിയിരുന്നില്ല. അവിടെ വെച്ചും ഇരുവിഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
ആശുപത്രിയിലെ ജനറൽ വാർഡിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിലത്തു കിടക്കുന്ന ഒരാളെ എതിർവിഭാഗത്തിൽപ്പെട്ടയാൾ ക്രൂരമായി മർദ്ദിക്കുന്നതും, ഒരു സ്ത്രീ അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സമാനമായ മറ്റൊരു സംഭവത്തിൽ, ഗർഭിണിയായ സ്ത്രീക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ ഡോക്ടർമാരെ മർദ്ദിച്ച ശിവസേന കോർപ്പറേറ്റർ രമേഷ് മിത്രയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ജൂലൈയിൽ ശാസ്ത്രി നഗർ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ അറസ്റ്റിലായ രമേഷ് മിത്രയ്ക്കും മറ്റ് നാല് പ്രതികൾക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.




