Oddly News

കാൻസറാണ്, ചികിത്സ ഉപേക്ഷിച്ച് അന്റാർട്ടിക്ക യാത്ര ; തിരിച്ചെത്തിയപ്പോൾ കാൻസർ ട്യൂമറിന്റെ വലുപ്പം കുറഞ്ഞു! അത്ഭുതപ്പെട്ട് ഡോക്ടർമാർ

ക്യാൻസർ രോഗനിർണ്ണയം ഒരാളുടെ ജീവിതവീക്ഷണത്തെത്തന്നെ മാറ്റിമറിച്ചേക്കാം. തെക്കുപടിഞ്ഞാറൻ ചൈനയിലെ 67 കാരിയായ വങ് യിങ്ങിന്റെ കാര്യത്തിൽ, പെൻഗ്വിനുകളെ ഫോട്ടോയെടുക്കാൻ അന്റാർട്ടിക്കയിലേക്ക് യാത്ര ചെയ്യുക എന്ന തന്റെ ദീർഘകാലത്തെ ആഗ്രഹം പൂർത്തീകരിക്കാനാണ് ഈ രോഗവാർത്ത പ്രേരണയായത്. തന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഒരു മാസം നീണ്ട ആ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ, ആശുപത്രി പരിശോധനയിൽ അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു വിവരമായിരുന്നു; അവരുടെ ട്യൂമറിന്റെ വലുപ്പം കുറഞ്ഞിരുന്നു.

അമച്വർ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ വങ് വർഷങ്ങളായി 1,200-ലധികം പക്ഷിവിഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. 2013-ൽ യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിംഗിലെ ഒരു സ്കൂളിൽ നിന്ന് അഡ്മിനിസ്ട്രേറ്ററായി വിരമിക്കാൻ ഒരുങ്ങവെയാണ് അവർക്ക് തൈറോയ്ഡ് ക്യാൻസർ സ്ഥിരീകരിക്കുന്നത്. ഉടൻ തന്നെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ വാർത്ത വലിയൊരു ആഘാതമായിരുന്നെങ്കിലും, ചികിത്സയ്ക്ക് മുമ്പ് അന്റാർട്ടിക്ക സന്ദർശിച്ച് പെൻഗ്വിനുകളുടെ ചിത്രങ്ങൾ പകർത്തുവാൻ അവർ തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാനത്തോട് അടുക്കുകയാണെങ്കിൽ വിദൂരമായ എവിടെയെങ്കിലും യാത്ര പോകണമെന്നാണ് താൻ ആഗ്രഹിച്ചതെന്ന് വങ് ഓർക്കുന്നു.

ഏകദേശം 1.5 ലക്ഷം യുവാന് (ഏകദേശം $22,000) ചെലവ് വന്ന ഈ യാത്രയ്ക്കായി തന്റെ സമ്പാദ്യത്തിന് പുറമെ അമ്മയുടെ സഹായവും അവർക്ക് ലഭിച്ചു. അന്റാർട്ടിക്കയിലെത്തിയ വങ്ങിന്റെ പ്രധാന ലക്ഷ്യം തള്ളപ്പെൻഗ്വിൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന അപൂർവ്വ ചിത്രം പകർത്തുത എന്നതായിരുന്നു. മൈനസ് 10 ഡിഗ്രി സെൽഷ്യസ് തണുപ്പിലും കനത്ത കാറ്റിലും മഞ്ഞുവീഴ്ചയിലും മറ്റ് വിനോദസഞ്ചാരികൾ മുറികൾക്കുള്ളിലേക്ക് മടങ്ങിയപ്പോഴും വങ് മണിക്കൂറുകളോളം പുറത്ത് തന്നെ കാത്തിരുന്നു. ഒടുവിൽ കടലിൽ നിന്ന് മടങ്ങിയെത്തിയ തള്ളപ്പെൻഗ്വിൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന മനോഹര ചിത്രം പകർത്തിക്കൊണ്ട് അവരുടെ ക്ഷമയ്ക്ക് ഫലം ലഭിച്ചു.

യാത്ര കഴിഞ്ഞ് തിരിച്ചെത്തി ആശുപത്രിയിൽ നടത്തിയ തുടർപരിശോധനയിലാണ് ട്യൂമറിന്റെ വലുപ്പം കുറഞ്ഞതായി ഡോക്ടർമാർ കണ്ടെത്തിയത്. തൽക്കാലം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും എന്നാൽ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ അപ്രതീക്ഷിത മാറ്റം വങ്ങിന് ജീവിതത്തോടുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചു. അതിനുശേഷം അവർ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്റെ പെൻഷൻ തുക പൂർണ്ണമായും അത്യാധുനിക ഫോട്ടോഗ്രാഫി ഉപകരണങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തു. ഇതിനോടകം 30-ലധികം രാജ്യങ്ങൾ സന്ദർശിച്ച വങ്, അടുത്ത വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാനുള്ള പ്ലാനുകളിലാണ്.

യാത്രകളും വ്യത്യസ്ത സംസ്കാരങ്ങളും ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയെന്ന് വങ് പറയുന്നു. വങ്ങിന്റെ കഥ ചൈനീസ് സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയും നിരവധി ആളുകൾക്ക് പ്രചോദനമാവുകയും ചെയ്തു. നല്ല മനസ്സാന്നിധ്യവും വിശ്രമവും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും അത് ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.