Lifestyle

കുളിമുറിയില്‍നിന്ന് യുവതി നേരേ മെട്രോയിൽ! ബാത്ത്‌റോബും തലയിൽ ടവ്വലുമായി യാത്ര, അമ്പരന്ന് സഹയാത്രികർ; വീഡിയോ വൈറൽ

മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ പലതരം വിചിത്ര കാഴ്ചകൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ബാത്ത് റോബ് ധരിച്ച്, തലയിൽ ടവ്വലും ചുറ്റി മെട്രോയിലിരുന്ന് മുഖസൗന്ദര്യം സംരക്ഷിക്കുന്ന ഒരു യുവതിയെ കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. മുംബൈ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരു യുവതി നടത്തിയ ഈ വേറിട്ട സ്കിൻകെയർ റൂട്ടീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നത്.

വെള്ള നിറത്തിലുള്ള ബാത്ത് റോബ് ധരിച്ച് മെട്രോ സീറ്റിലിരിക്കുന്ന യുവതിയുടെ വീഡിയോയാണ് വൈറലായത്. തലയിൽ ടവ്വൽ ചുറ്റിയ യുവതി സ്വന്തം വീട്ടിലോ സ്പായിലോ ഇരിക്കുന്നത് പോലെ തികച്ചും സ്വാഭാവികമായാണ് പെരുമാറുന്നത്. യാത്രയ്ക്കിടയിൽ ബാഗിൽ നിന്ന് ബ്യൂട്ടി പ്രൊഡക്റ്റുകൾ എടുത്ത് മുഖത്ത് തേക്കുന്നതും കണ്ണുകൾക്ക് താഴെ അണ്ടർ ഐ പാച്ചുകൾ ഒട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചുറ്റുമുള്ള യാത്രക്കാർ ഇതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ, സമീപത്തിരുന്ന ചില സ്ത്രീകൾ യുവതിയെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.


ഒക്ടോബർ 8-ന് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. “ഇന്ത്യൻ മെട്രോകളിൽ ഓരോ ദിവസവും ഇതിലും വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്” എന്ന പരിഹാസ രൂപത്തിലുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. പൊതുഗതാഗത സംവിധാനങ്ങളിൽ നടക്കുന്ന ഇത്തരം അപൂർവ്വ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ എത്രത്തോളം വേഗത്തിലാണ് വൈറലാകുന്നത് എന്നതിന് തെളിവാണ് ഈ സംഭവം.

ആദ്യം ഡൽഹി മെട്രോയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രചരിച്ചെങ്കിലും, സ്റ്റേഷൻ ബോർഡുകൾ പരിശോധിച്ചതോടെ ഇത് മുംബൈ മെട്രോയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുവതി എന്തിനാണ് ഇത്തരമൊരു വേഷത്തിൽ യാത്ര ചെയ്തതെന്ന കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്തായാലും പൊതുസ്ഥലത്തെ ഈ വിചിത്ര കാഴ്ച ഇൻ്റർനെറ്റിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്.