Oddly News

ഫ്ലാറ്റിനു പകരം 19 കോടി മുടക്കി പാർക്കിങ് സ്ഥലം വാങ്ങി; കോടികൾ കൊയ്ത് യുവതി! കോടതിയിലും ജയം

ഡിമാന്റ് കുറവായിരുന്ന സമയത്ത് പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് സ്ഥലത്തിന്റെ 40 ശതമാനവും ഒരുമിച്ച് വാങ്ങി സാമ്പത്തിക ലാഭം കൊയ്ത് ചൈനീസ് യുവതി. വർഷങ്ങൾക്കുശേഷം ഈ സ്ഥലം വാഹന ഉടമകൾക്ക് വലിയ തുകയ്ക്ക് വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്ത യുവതിയുടെ ബിസിനസ് തന്ത്രത്തിന് കോടതിയിലും വിജയം.

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് ‘വു’ എന്ന യുവതി 19.36 കോടി രൂപ (14 ദശലക്ഷം യുവാൻ) മുടക്കി 196 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം ഒറ്റയടിക്ക് സ്വന്തമാക്കിയത്. 2018-ലായിരുന്നു ഈ സംഭവം നടന്നത്. അന്ന് വലിയ വികസനമില്ലാതിരുന്ന ആ പ്രദേശത്ത് ഫ്ലാറ്റുകൾ വാങ്ങാൻ ആളുകൾ താല്പര്യം കാണിക്കാതിരുന്ന ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ബിൽഡർ ഇളവുകളോടെ യുവതിക്ക് സ്ഥലം കൈമാറുകയായിരുന്നു.

എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ഈ പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റുകളെല്ലാം വിറ്റഴിഞ്ഞു. പ്രദേശത്തെ വികസനത്തോടെ പാർക്കിങ് ഏരിയയുടെ നല്ലൊരു പങ്കും യുവതിയുടെ കൈവശമാണെന്ന തിരിച്ചറിവ് മറ്റുള്ളവർക്കുണ്ടായി. ഇതോടെയാണ് താൻ വാങ്ങിയ സ്ഥലം ഉയർന്ന നിരക്കിൽ വാടകയ്ക്ക് നൽകാനും ചിലത് വലിയ തുകയ്ക്ക് വിൽക്കാനും യുവതി തീരുമാനിച്ചത്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, സമുച്ചയത്തിലെ ആകെ പാർക്കിങ് ഏരിയയുടെ 40 ശതമാനത്തോളമാണ് യുവതിയുടെ ഉടമസ്ഥതയിലുള്ളത്. നിലവിൽ ഒരു പാർക്കിങ് സ്ലോട്ടിന് 7,258 രൂപ വീതം പ്രതിമാസ വാടക ഈടാക്കുന്ന യുവതി, സ്ലോട്ട് സ്വന്തമായി വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് 14.52 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്.

പാർക്കിങ് ഏരിയ യുവതി ഒറ്റയ്ക്ക് കുത്തകയാക്കിവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് റസിഡന്റ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചെങ്കിലും പ്രാദേശിക കോടതി വൂവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു. തുടക്കത്തിൽ ബിൽഡർ സ്ഥലം വിൽപനയ്ക്ക് വച്ചപ്പോൾ എല്ലാവർക്കും ഒരുപോലെ വാങ്ങാൻ അവസരമുണ്ടായിരുന്നുവെന്ന് നിരീക്ഷിച്ചാണ് കോടതി യുവതിയുടെ ഉടമസ്ഥാവകാശം ശരിവെച്ചത്.