ന്യൂസിലൻഡ് മുൻ ടെസ്റ്റ് ഓപ്പണർ ജീറ്റ് റാവൽ എല്ലാത്തരം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നോർത്തേൺ ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റാണ് ഈ വിവരം അറിയിച്ചത്. ഓക്ലൻഡ്, സെൻട്രൽ ഡിസ്ട്രിക്റ്റ്സ്, നോർത്തേൺ ഡിസ്ട്രിക്റ്റ്സ് എന്നിവർക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10,000-ത്തിലധികം റൺസ് നേടിയും, ന്യൂസിലൻഡിനായി 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ചും ശ്രദ്ധേയമായ കരിയറിന് ശേഷമാണ് താരം വിരമിക്കുന്നത്.
വളരെ കൗതുകകരമായ ഒരു പശ്ചാത്തലമുണ്ട് ജീത് രാവലിന്. ഗുജറാത്തിനായി അണ്ടര് 19 ക്രിക്കറ്റ് കളിച്ചിരുന്ന അദ്ദേഹം, 16-ാം വയസ്സിലാണ് കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറുന്നത്. അവിടെയെത്തിയ ശേഷം പ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ സബ്വേയിൽ ജോലി നേടാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അവിടെപ്പോയി ചോദിച്ചപ്പോൾ സിവി (CV) നൽകാനാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ എന്താണ് സിവി എന്ന് അറിയാതിരുന്ന ജീത് അമ്മയെ ഫോൺ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇന്ത്യയിൽ ഇതിനെ ‘ബയോഡാറ്റ’ എന്നാണ് വിളിക്കുന്നതെന്ന് മനസ്സിലായത്. തുടർന്ന് ഒരു ടിഷ്യൂ പേപ്പറിൽ പേരും മാതാപിതാക്കളുടെ വിവരങ്ങളും ജനനത്തീയതിയും എഴുതി നൽകിയെങ്കിലും അവിടെനിന്ന് പിന്നീട് മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ രാവൽ ഓർത്തെടുത്തു.
പിന്നീട് പൂർണ്ണമായും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2016-ൽ ന്യൂസിലൻഡിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. 2020-ലാണ് കിവീസ് കുപ്പായത്തിൽ അവസാനമായി കളിച്ചത്. ന്യൂസിലൻഡിനായി കളിച്ച 24 ടെസ്റ്റുകളിൽ നിന്ന് ഒരു സെഞ്ചറിയും ഏഴ് അർധസെഞ്ചറികളും അടക്കം 1,143 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ഒരു ടെസ്റ്റ് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കുമ്മിൻസിനെ തന്റെ ലെഗ് സ്പിന്നിലൂടെ ക്ലീൻ ബൗൾഡാക്കിയ അപൂർവ്വ നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്.
പ്ലങ്കറ്റ് ഷീൽഡ് മത്സരങ്ങളിൽ നോർത്തേൺ ഡിസ്ട്രിക്റ്റ്സിന്റെ ക്യാപ്റ്റനായിരുന്ന രാവലിന്റെ വിരമിക്കൽ ടീമിന് വലിയൊരു നഷ്ടമാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ മൂന്ന് താരങ്ങൾ മാത്രമാണ് റൺവേട്ടയിൽ രാവലിന് മുന്നിലുള്ളത്. 2008-09 സീസണിൽ ഓക്ക്ലൻഡിനായി അരങ്ങേറിയതു മുതൽ 8,216 റൺസാണ് അദ്ദേഹം ഈ ചാമ്പ്യൻഷിപ്പിൽ നേടിയത്. അഹമ്മദാബാദിൽ ജനിച്ച ഈ ബാറ്റർ, സ്കൂൾ കാലത്ത് പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ സഹതാരമായി മാറിയ അജാസ് പട്ടേലിനൊപ്പമാണ് ക്രിക്കറ്റ് കളിച്ചു വളർന്നത്.
പതിറ്റാണ്ടുകളോളം ഓക്ക്ലൻഡിനും സെൻട്രൽ ഡിസ്ട്രിക്റ്റ്സിനുമായി കളിച്ച ശേഷം 2020-ലാണ് രാവൽ നോർത്തേൺ ഡിസ്ട്രിക്റ്റ്സിലേക്ക് മാറുന്നത്. മൂന്ന് ഫോർമാറ്റുകളിലുമായി നൂറിലധികം മത്സരങ്ങളിൽ എൻഡി (ND) കുപ്പായമണിഞ്ഞ അദ്ദേഹം പല മത്സരങ്ങളിലും ടീമിനെ നയിക്കുകയും 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലങ്കറ്റ് ഷീൽഡ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. മൊത്തം 164 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അദ്ദേഹം ഡിസംബറിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന 30-ാമത്തെ ന്യൂസിലൻഡ് താരമായി മാറി. കരിയറിന്റെ അവസാന നാളുകളിൽ പാർട്ട് ടൈം ലെഗ് സ്പിന്നറായും തിളങ്ങി 10,432 ഫസ്റ്റ് ക്ലാസ് റൺസോടെയാണ് ജീത് രാവൽ ക്രീസ് വിടുന്നത്.




