ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വിഭവമാണ് ദോശ. പ്രഭാതഭക്ഷണത്തിലെ പ്രിയപ്പെട്ട ഇനവും ദക്ഷിണേന്ത്യൻ റെസ്റ്റോറന്റുകളിലെ പ്രധാന ഓർഡറുമായ ദോശ ഇപ്പോൾ അമേരിക്കയിലെ സീറ്റിൽ നഗരത്തിലെ ഏറ്റവും വലിയ ഭക്ഷണ ട്രെൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.
ഗൂഗിൾ മാപ്സിന്റെ കണ്ടെത്തലനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ സീറ്റിലിൽ ‘ദോശ’ പരാമർശിക്കുന്ന റിവ്യൂകളിൽ 136 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ലോകമെമ്പാടുമുള്ള 10 പ്രധാന നഗരങ്ങളിലെ ഭക്ഷണ ട്രെൻഡുകളും ജനപ്രിയ റെസ്റ്റോറന്റുകളും ഉൾപ്പെടുത്തി ഗൂഗിൾ മാപ്സ് തയ്യാറാക്കിയ ആദ്യ ‘ഫാൻ-ഫേവറിറ്റ് ഡൈനിംഗ് ലിസ്റ്റിലാണ്’ ഈ വിവരമുള്ളത്. ‘ശ്രീ ആനന്ദ ഭവൻ’, ‘ചെന്നൈ എക്സ്പ്രസ്’ എന്നിവയാണ് ദോശയ്ക്ക് പ്രശസ്തമായ പ്രധാന കേന്ദ്രങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ദോശയ്ക്ക് പുറമെ മറ്റ് പല വിഭവങ്ങളും വിവിധ നഗരങ്ങളിൽ തരംഗമാകുന്നുണ്ട്. ന്യൂയോർക്കിൽ ഫ്രോസൺ തൈര് (Froyo) വീണ്ടും ജനപ്രിയമാകുകയാണ്; ഇവിടെ റിവ്യൂകളിൽ 320 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. മോൺട്രിയോളിൽ സിന്നമൺ ബൺസ് 84 ശതമാനവും ടോക്കിയോയിൽ ‘മോച്ചി’ 168 ശതമാനവും റിവ്യൂ വർദ്ധനവ് രേഖപ്പെടുത്തി.
മാച്ചാ (Matcha – ഗ്രീൻ ടീ) ചിക്കാഗോ, സാന്റിയാഗോ, ന്യൂയോർക്ക് ഉൾപ്പെടെയുള്ള മിക്ക നഗരങ്ങളിലും വലിയ ജനപ്രീതി നേടുന്നത് തുടരുന്നു. അതേസമയം ലണ്ടനിൽ ‘ഹോജിച’ എന്ന വറുത്ത ഗ്രീൻ ടീയും, മെൽബണിൽ ‘ഉബെ’ എന്ന പർപ്പിൾ കിഴങ്ങും, ചിക്കാഗോയിൽ മാംസക്കൊഴുപ്പ് ഉപയോഗിച്ചുള്ള പാചക രീതിയും (Beef Tallow), അറ്റ്ലാന്റയിൽ ‘ബെനെ’ (Beignets) എന്ന പലഹാരവും ട്രെൻഡിംഗാണ്. അറ്റ്ലാന്റ, ചിക്കാഗോ, ലണ്ടൻ, മെൽബൺ, ന്യൂയോർക്ക്, ടോക്കിയോ തുടങ്ങി 10 നഗരങ്ങളിലെ റിവ്യൂകളും റേറ്റിംഗുകളും അടിസ്ഥാനമാക്കിയാണ് ഗൂഗിൾ മാപ്സ് ഈ പട്ടിക തയ്യാറാക്കിയത്.




