Oddly News

കറുത്ത എള്ള് കഴിച്ചാൽ മുടികൊഴിച്ചിൽ നിൽക്കുമോ? ഇൻസ്റ്റഗ്രാം ട്രെൻഡിന് പിന്നില്‍ എള്ളോളമുണ്ടോ സത്യം?

ചർമ്മത്തിന്റെ തെളിച്ചത്തിനും മികച്ച ഉറക്കത്തിനും ശേഷം, മുടി കൊഴിച്ചിൽ മാറ്റാനുള്ള പുതിയ ട്രെൻഡുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കറുത്ത എള്ളാണ് ഇത്തവണത്തെ താരം. ദിവസവും കറുത്ത എള്ള് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മുടികൊഴിച്ചിൽ കുറയുമെന്നും മുടിക്ക് കട്ടിയും തിളക്കവും കൂടുമെന്നുമാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ അവകാശവാദം.

എള്ള് വറുത്ത അരച്ചും, ചമ്മന്തിയാക്കിയും, ലഡ്ഡുവാക്കിയുമെല്ലാം കഴിക്കാൻ ഇവർ നിർദ്ദേശിക്കുന്നു. എന്നാൽ ഇതിന് പിന്നിൽ ശാസ്ത്രീയമായ വശമുണ്ടോ അതോ ഇതൊരു സാധാരണ സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമാണോ?

ഇന്ത്യൻ അടുക്കളകളിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് എള്ള്. ഹാരപ്പൻ കാലഘട്ടം മുതൽക്കേ ഇതിന്റെ ഉപയോഗം നിലവിലുണ്ടെന്ന് ചരിത്രം പറയുന്നു. നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങളിലും ഉത്സവ വിഭവങ്ങളിലും ഔഷധങ്ങളിലും എള്ള് എപ്പോഴും ഭാഗമായിരുന്നു. തലമുറകളായി നമ്മൾ ഉപയോഗിക്കുന്ന ഈ സാധാരണ ഭക്ഷണപദാർത്ഥത്തെയാണ് ഇപ്പോൾ പുതിയൊരു “ഹെയർ ഹാക്ക്” ആയി സോഷ്യൽ മീഡിയ അവതരിപ്പിക്കുന്നത്.

എന്നാൽ കറുത്ത എള്ള് നേരിട്ട് കഴിക്കുന്നത് കൊണ്ട് മാത്രം മുടികൊഴിച്ചിൽ നിൽക്കുകയോ പുതിയ മുടി വളരുകയോ ചെയ്യുമെന്നതിന് മതിയായ ക്ലിനിക്കൽ തെളിവുകളില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പ്രോട്ടീൻ, ആരോഗ്യമുള്ള കൊഴുപ്പുകൾ, ഇരുമ്പ് (Iron), സിങ്ക് (Zinc), കോപ്പർ തുടങ്ങിയവ എള്ളിൽ ധാരാളമുണ്ട്. ഇവ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണെങ്കിലും, ഒരു പ്രത്യേക രോഗാവസ്ഥ മൂലമുള്ള മുടികൊഴിച്ചിലിന് എള്ള് ഒരു പ്രതിവിധിയല്ല.

എള്ളിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾക്ക് മുടികൊഴിച്ചിലിന് കാരണമാകുന്ന ഡി.എച്ച്.ടി (DHT) ഹോർമോണിനെ തടയാൻ സാധിക്കുമെന്നും നരച്ച മുടി കറുപ്പിക്കാൻ കഴിയുമെന്നുമുള്ള പ്രചാരണങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയില്ല. ദിവസവും 1 മുതൽ 2 ടേബിൾ സ്പൂൺ വരെ എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ പഞ്ചസാര ചേർത്ത ലഡ്ഡുവാക്കി കഴിക്കുന്നത് കൊണ്ട് മുടിക്ക് പ്രത്യേക ഗുണമൊന്നും ലഭിക്കില്ല.

മുടികൊഴിച്ചിലിന് മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, ജനറ്റിക് കാരണങ്ങൾ, പോഷകാഹാരക്കുറവ് തുടങ്ങി വിവിധ കാരണങ്ങളുണ്ടാകാം. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ഒറ്റമൂലിക്ക് പിന്നാലെ പോകാതെ, പെട്ടെന്ന് ഉണ്ടാകുന്ന കടുത്ത മുടികൊഴിച്ചിലിനും മുടി മെലിയുന്നതിനും ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എള്ള് നിങ്ങളുടെ ഭക്ഷണക്രമത്തിന് നല്ലൊരു പോഷക ഘടകമാണ്, എന്നാൽ അതിന് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്.