Crime

യുവാവിനെക്കൊണ്ട് യുവതിയുടെ മൂത്രം കുടിപ്പിച്ചു, അവിഹിതത്തിന് ഭാര്യയ്ക്കും കാമുകനും ‘ശിക്ഷ വിധിച്ച്’ ഭര്‍ത്താവ്, നടുറോഡിൽ ക്രൂരത!

ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വിവാഹിതയായ യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിന് നേരെ നാട്ടുകാർക്ക് മുന്നിൽ ക്രൂരവും പ്രാകൃതവുമായ അതിക്രമം. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവാവിനെക്കൊണ്ട് യുവതിയുടെ മൂത്രം കുടിപ്പിക്കുകയും നടുറോഡിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. വാപി എന്നയാളാണ് ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞ് ഈ കൃത്യത്തിന് മുതിർന്നതെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച ഇരുവരെയും പിടികൂടി ജനക്കൂട്ടത്തിന് മുന്നിലെത്തിച്ച ശേഷം ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. വീഡിയോ വൈറലായതിനെ തുടർന്ന് ഒൻപത് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് മാസം മുൻപ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ തുടങ്ങിയിരുന്നു. വിവരമറിഞ്ഞ ഭർത്താവിന്റെ വീട്ടുകാർ യുവതിയെ വാപിയുടെ വീട്ടിലേക്ക് ബലമായി കൊണ്ടുവന്ന് തടങ്കലിലാക്കി. അവിടെനിന്ന് രക്ഷപ്പെട്ട് യുവതി വീണ്ടും കാമുകന്റെ അടുത്തെത്തിയതോടെയാണ് ഭർത്താവും ബന്ധുക്കളും പിന്തുടർന്നെത്തി ‘ശുദ്ധീകരണം’ എന്ന പേരിൽ ഈ അതിക്രമം നടത്തിയത്.

സംഭവത്തിന് ശേഷം വീട്ടിനുള്ളിൽ കരഞ്ഞ് അവശയായ നിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. വീഡിയോയിലുള്ളത് ഇവർ തന്നെയാണെന്ന് ഉറപ്പുവരുത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച് ആവശ്യമായ കൗൺസിലിംഗ് നൽകിയതായി പോലീസ് സൂപ്രണ്ട് അറിയിച്ചു.

തന്നെ ഭർത്താവും ബന്ധുക്കളും കെട്ടിയിട്ട് മർദ്ദിച്ചെന്നും കാമുകനെ മരത്തിൽ കെട്ടിയിട്ട് തല്ലിയെന്നും യുവതി പോലീസിന് മൊഴി നൽകി. ഇരുവരെയും ക്രൂരമായി മർദ്ദിച്ച ശേഷമാണ് റോഡിലേക്ക് തള്ളിയിട്ട് യുവതിയുടെ മൂത്രം യുവാവിനെക്കൊണ്ട് കുടിപ്പിക്കുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തത്. യുവതി നൽകിയ പരാതിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വാപിക്കും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.