Sports

‘ഹര്‍മനും സ്മൃതിയും പരസ്പരം മുഖത്ത് പോലും നോക്കാറില്ല’; ഡ്രസിങ് റൂമിലെ ‘സീക്രട്ട് പോര്’ പുറത്തേക്ക്!

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും സ്മൃതി മന്ഥന പദവി ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ ടീമിനുള്ളിലെ ഭിന്നതകൾ പുറത്തുവന്നു. ഹർമനും സ്മൃതിയും തമ്മിൽ നല്ല ബന്ധത്തിലല്ലെന്നും ഡ്രസിങ് റൂമിൽ ഇരുവരും പരസ്പരം സംസാരിക്കാറില്ലെന്നും ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തനിക്ക് ലഭിക്കേണ്ടിയിരുന്ന ക്യാപ്റ്റൻ സ്ഥാനം കഴിഞ്ഞ മൂന്ന് വർഷമായി ഹർമൻ നൽകിയില്ലെന്ന പരിഭവം സ്മൃതിക്കുണ്ടായിരുന്നു. ഇവരുടെ അകൽച്ച ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെയും മോശമായി ബാധിച്ചിട്ടുണ്ടെന്ന് ടീമിലെ മുതിർന്ന വ്യക്തി വെളിപ്പെടുത്തി.

യു കെയിൽ നടന്ന ട്വന്റി-20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ മുൻ ക്യാപ്റ്റൻ മിതാലി രാജും ഹർമനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഹർമന്റെ ഫോമും ഫിറ്റ്നസും മോശമാണെന്നും ക്യാപ്റ്റൻസി മാറ്റേണ്ട സമയമായെന്നും മിതാലി വ്യക്തമാക്കി. ഏകദിന ക്യാപ്റ്റൻസി വർഷങ്ങൾക്ക് മുൻപ് തന്നെ മറ്റൊരാൾക്ക് കൈമാറണമായിരുന്നുവെന്നും, ട്വന്റി-20 നായകസ്ഥാനം ഷെഫാലി വർമ്മയെപ്പോലുള്ള യുവതാരങ്ങൾക്ക് നൽകണമെന്നും അവർ അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനായി താൻ തിരഞ്ഞെടുക്കപ്പെടാൻ വൈകിയതിൽ സ്മൃതിക്ക് അതൃപ്തിയുണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും അർഹിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചിരുന്നു. 2013-ൽ അരങ്ങേറിയ സ്മൃതി, അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുകയും ഏഷ്യൻ ഗെയിംസ് ജയത്തോടെ ക്യാപ്റ്റൻസിക്ക് കൂടുതൽ അർഹത നേടുകയും ചെയ്തു. തുടർന്ന് ഗുവാഹത്തിയിൽ ചേർന്ന യോഗത്തിൽ ഹർമനോട് സ്ഥാനമൊഴിയാൻ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

വളരെ വികാരനിർഭരമായ കുറിപ്പിലൂടെയാണ് എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ പദവി ഒഴിയുന്നതായി ഹർമൻപ്രീത് പ്രഖ്യാപിച്ചത്. കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് ടീമിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും, വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ ടീമിന്റെ വളർച്ചയ്ക്കാണ് മുൻഗണന നൽകിയതെന്നും അവർ കുറിച്ചു. ക്യാപ്റ്റൻ സ്ഥാനം മാത്രമാണ് മാറുന്നതെന്നും കളിക്കാരിയായി ടീമിൽ തുടരുമെന്നും ഹർമൻ വ്യക്തമാക്കി.