സെൻട്രൽ ചൈനയിൽ 21 വർഷമായി ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം കഴിച്ചിരുന്ന 71-കാരനായ റൂ എന്ന വയോധികൻ, തനിക്ക് പെൻഷൻ അക്കൗണ്ടുണ്ടെന്ന വിവരവും അതിൽ 4,20,000 യുവാൻ (ഏകദേശം 61 ലക്ഷം രൂപ) നിക്ഷേപമുണ്ടെന്ന കാര്യവും അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞു. ഹുനാൻ പ്രവിശ്യയിലെ ചാങ്ദെ സ്വദേശിയായ ഇയാൾക്ക് സെപ്റ്റംബർ അവസാനത്തോടെയാണ് പെൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് കാർഡ് ലഭിക്കുന്നത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 4,24,204 യുവാൻ നിക്ഷേപമുള്ളതായി കണ്ടെത്തിയത്.
പതിറ്റാണ്ടുകളായി തനിക്ക് പെൻഷന് അർഹതയുണ്ടെന്ന കാര്യം അറിയാതിരുന്ന റൂവിന് ഈ സംഭവം വലിയൊരു അത്ഭുതമായി മാറി. വാർത്തയറിഞ്ഞ് വികാരാധീനായ അദ്ദേഹം, ഇത്രയും വലിയൊരു തുക ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയും സഹായിച്ച സാമൂഹിക ക്ഷേമ ഉദ്യോഗസ്ഥർക്കും സർക്കാർ വകുപ്പുകൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
ഹുനാനിലെ ഒരു സർക്കാർ സ്ഥാപനത്തിൽ 30 വർഷത്തോളം ജോലി ചെയ്തിരുന്ന റൂവിന് 2000-കളുടെ തുടക്കത്തിൽ ജോലി നഷ്ടപ്പെടുകയായിരുന്നു. ലഭിച്ച ആനുകൂല്യങ്ങൾ തീർന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ അദ്ദേഹം ജീവിക്കാനായി ആക്രി സാധനങ്ങൾ പെറുക്കാൻ തുടങ്ങി. 2024 ശൈത്യകാലത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ കഴിയുകയായിരുന്ന റൂവിനെ സാമൂഹിക ക്ഷേമ പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ആദ്യം അഭയകേന്ദ്രത്തിലേക്ക് മാറാൻ വിസമ്മതിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥരോട് തന്റെ വിവരങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2015-ൽ വിരമിക്കൽ പ്രായമെത്തിയ റൂവിന് അന്നുമുതൽ പെൻഷന് അർഹതയുണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പ്രതിമാസം 3,700 യുവാൻ നിരക്കിൽ കഴിഞ്ഞ പത്ത് വർഷമായി ശേഖരിക്കപ്പെട്ട തുകയാണ് ഇപ്പോൾ 4,20,000 യുവാനിൽ അധികമായി അക്കൗണ്ടിലുള്ളത്.
പെൻഷൻ ലഭിക്കണമെങ്കിൽ വേറെയും വലിയ തുക ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കണമെന്ന തെറ്റിദ്ധാരണയിലാണ് റൂ പെൻഷന് അപേക്ഷിക്കാതിരുന്നത്. എന്നാൽ മുൻപ് ജോലി ചെയ്തിരുന്ന 30 വർഷത്തെ ശമ്പളത്തിൽ നിന്ന് തന്നെ ഇതിനായുള്ള തുക പിടിച്ചിട്ടുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാങ്ക് കാർഡ് കൈമാറുന്ന വേളയിൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും സാമ്പത്തിക തട്ടിപ്പുകളിൽ വീഴരുതെന്നും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് നിർദ്ദേശം നൽകി. രണ്ട് പതിറ്റാണ്ടിലേറെ ആക്രി പെറുക്കി ജീവിച്ച ഈ വയോധികന് വാർദ്ധക്യകാലത്ത് ലഭിച്ച വലിയൊരു ആശ്വാസമായി ഈ തുക മാറി.




