Myth and Reality

ദിവസവും 18 കിലോമീറ്റർ നടത്തം! ഗാന്ധിജിയുടെ ആരോഗ്യരഹസ്യം ലളിതം, പക്ഷേ വൻ ഹിറ്റ്!

ഫിറ്റ്നസ് ട്രാക്കറുകളും ദിവസവും 10,000 സ്റ്റെപ്പുകൾ എന്ന ലക്ഷ്യങ്ങളും നടപ്പിനെ ഒരു ആരോഗ്യ ശീലമാക്കുന്നതിന് വളരെ മുൻപ് തന്നെ മഹാത്മാ ഗാന്ധി വളരെയധികം നടക്കുമായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പുറത്തുവിട്ട പഠനങ്ങൾ അനുസരിച്ച്, ഏകദേശം 40 വർഷത്തോളം ഗാന്ധിജി ദിവസവും ശരാശരി 18 കിലോമീറ്റർ നടന്നിരുന്നു. 1913 നും 1948 നും ഇടയിലുള്ള കാലയളവിൽ അദ്ദേഹം ഏകദേശം 79,000 കിലോമീറ്റർ സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ഭൂമിയെ രണ്ട് തവണ വലംവെക്കുന്നതിന് തുല്യമാണ്.

എന്നാൽ ഗാന്ധിജിയുടെ ഫിറ്റ്നസ് രീതി കേവലം കിലോമീറ്ററുകൾ താണ്ടുന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല. അച്ചടക്കമുള്ള ജീവിതശൈലിയുടെ ഭാഗമായിരുന്നു അദ്ദേഹത്തിന് ശാരീരിക അധ്വാനം. വ്യായാമം, ശുദ്ധവായു, ആത്മനിയന്ത്രണം, ശാരീരിക-മാനസിക ആരോഗ്യങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് അദ്ദേഹം തന്റെ എഴുത്തുകളിൽ എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. ആഹാരം, ശുചിത്വം, പ്രകൃതിചികിത്സ എന്നിവയ്‌ക്കൊപ്പം ശാരീരികക്ഷമതയും അദ്ദേഹത്തിന്റെ ആരോഗ്യ തത്ത്വചിന്തയിൽ ഉൾപ്പെട്ടിരുന്നുവെന്ന് നാഷണൽ മെഡിക്കൽ ജേണൽ ഓഫ് ഇന്ത്യയുടെ പഠനവും ചൂണ്ടിക്കാണിക്കുന്നു. 1930-കളിൽ സ്വാമി കുവലയാനന്ദയിൽ നിന്ന് ഗാന്ധിജി യോഗ അഭ്യസിക്കുകയും ആരോഗ്യ ഉപദേശങ്ങൾ തേടുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ മരണത്തിന് ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം, ഗാന്ധിജിയെപ്പോലെ അതിദൂരങ്ങൾ നടക്കാൻ ശ്രമിക്കണമോ എന്നതല്ല പ്രധാന ചോദ്യം. മറിച്ച്, ദീർഘനേരം ഒരേയിരിപ്പ് ഇരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ അടിസ്ഥാന തത്ത്വങ്ങളായ ക്രമമായ ചലനവും സജീവതയും പ്രസക്തമാണോ എന്നതാണ്. ഇതിനുള്ള ഉത്തരം ഗാന്ധിജിയുടെ വഴികളെ അതേപടി പകർത്തുന്നതിലല്ല, മറിച്ച് ചലനത്തിന്റെ ശാസ്ത്രത്തെ മനസ്സിലാക്കുന്നതിലാണ് ഉള്ളത്.

ഗാന്ധിജിയുടെ പ്രധാന ശാരീരിക അധ്വാനം നടപ്പായിരുന്നു. യാത്രകളുടെയും രാഷ്ട്രീയ പ്രചാരണങ്ങളുടെയും ഭാഗമായി അദ്ദേഹം ദീർഘദൂരം നടന്നു. വ്യായാമത്തിനായി മാത്രം സമയം മാറ്റിവെക്കാതെ, നടപ്പിനെ അദ്ദേഹം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഇന്ന് ഇത് ഏറെ പ്രസക്തമാണ്. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമമോ അല്ലെങ്കിൽ 75 മുതൽ 150 മിനിറ്റ് വരെ കഠിനമായ വ്യായാമമോ ചെയ്യാനാണ് ലോക ആരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്നത്. ഇതിലേക്ക് നടപ്പ് വലിയ സംഭാവന നൽകുന്നു. ഗാന്ധിജിയെപ്പോലെ ദിവസവും 18 കിലോമീറ്റർ നടക്കേണ്ട ആവശ്യമില്ല.

ദിവസവും 5,000 മുതൽ 7,000 വരെ സ്റ്റെപ്പുകൾ നടക്കുന്നത് തന്നെ മരണസാധ്യത കുറയ്ക്കാനും ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ലളിതമായ സന്ദേശമാണ് ഇത് നൽകുന്നത്. ഇന്നത്തെ ഐടി/ഓഫീസ് ജീവനക്കാർക്ക് ഇത് എളുപ്പത്തിൽ പ്രാവർത്തികമാക്കാം; സാധ്യമാകുമ്പോഴെല്ലാം നടക്കുക, ജോലിക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കുക, ഗോവണിപ്പടികൾ ഉപയോഗിക്കുക, രാവിലെയോ വൈകുന്നേരമോ വേഗത്തിൽ നടക്കുക എന്നിവ ശീലമാക്കാവുന്നതാണ്.

യോഗയോടുള്ള ഗാന്ധിജിയുടെ താല്പര്യവും ശ്രദ്ധേയമായിരുന്നു. യോഗ കേവലം ശരീരം നിവർക്കലോ നീട്ടലോ മാത്രമല്ല, മറിച്ച് ശരീരത്തിന് അനുയോജ്യമായ വ്യായാമങ്ങളും ശ്വസനക്രിയകളും മാനസിക ആശ്വാസവും നൽകുന്ന ഒന്നാണ്. പ്രായമായവരിൽ സന്തുലനാവസ്ഥയും വഴക്കവും മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും യോഗ സഹായിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

ഗാന്ധിജിയുടെ ശീലങ്ങളിൽ നിന്ന് നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഏറ്റവും വലിയ പാഠം തീവ്രതയേക്കാൾ തുടർച്ചയായ പരിശീലനത്തിനുള്ള പ്രാധാന്യമാണ്. അച്ചടക്കത്തിലും മിതത്വത്തിലുമാണ് അദ്ദേഹത്തിന്റെ ആരോഗ്യ തത്ത്വചിന്ത അധിഷ്ഠിതമായിരുന്നത്. “യഥാർത്ഥ സമ്പത്ത് ആരോഗ്യമാണ്, അല്ലാതെ സ്വർണ്ണത്തോ വെള്ളി കഷണങ്ങളോ അല്ല” എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. വ്യായാമം ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയ രോഗസാധ്യതകളെ കുറയ്ക്കുകയും മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആധുനിക വൈദ്യശാസ്ത്രവും ശരിവെക്കുന്നു.

എന്നിരുന്നാലും, ഗാന്ധിജിയുടെ രീതികൾ അതേപടി അനുകരിക്കേണ്ടതില്ല. അദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു എന്നത്, ഫിറ്റ്നസ് ശീലങ്ങൾ മാത്രം കൊണ്ട് ഒരാൾ പൂർണ്ണമായും രോഗമുക്തനാകില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ഇന്നത്തെ ആളുകൾക്ക് ചെയ്യാവുന്ന ലളിതമായ കാര്യം ഇതാണ്: പതിവായി നടക്കുക, ഇരിപ്പ് കുറയ്ക്കുക, അനുയോജ്യമാണെങ്കിൽ യോഗയോ മറ്റ് വ്യായാമങ്ങളോ ചെയ്യുക, വ്യായാമത്തെ അപൂർവ്വമായി ചെയ്യുന്ന ഒന്നാക്കാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക.

വിലകൂടിയ ജിമ്മോ അത്യാധുനിക ഉപകരണങ്ങളോ സങ്കീർണ്ണമായ പ്ലാനുകളോ ഇല്ലാതെ തന്നെ ശാരീരികക്ഷമത നിലനിർത്താം. സ്ക്രീനുകൾക്കും കാറുകൾക്കും മുന്നിൽ ദീർഘനേരം ഇരിക്കുന്ന ഇന്നത്തെ ലോകത്ത് ഗാന്ധിജിയുടെ ഫിറ്റ്നസ് സന്ദേശം വളരെ ലളിതമാണ്: കൂടുതൽ ചലനാത്മകരാവുക, അത് പതിവായി ചെയ്യുക, ആരോഗ്യത്തെ അപൂർവ്വമായി എടുക്കുന്ന തീരുമാനങ്ങൾക്ക് പകരമായി ദൈനംദിന ശീലമാക്കുക.