Featured Oddly News

മദ്യപിച്ച് ‘കോണ്‍തെറ്റി’ എയർപോർട്ട് പാർക്കിങ്ങിൽ ഉറങ്ങിപ്പോയി; ദുബായ് വിമാനം നഷ്ടമായി!

വാരണാസിയിൽ നിന്ന് ദുബായിലേക്ക് പോകാനിരുന്ന യാത്രക്കാരൻ മദ്യപിച്ച് വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം നഷ്ടമായി. ഗോരഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാർ രാത്രി 9:05-നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനായി വൈകുന്നേരം 5:30-ഓടെ തന്നെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.

എന്നാൽ ടെർമിനലിലേക്ക് പോകുന്നതിന് പകരം ഇയാൾ പാർക്കിംഗ് ഏരിയയിലേക്ക് പോവുകയും അവിടെ കിടന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. വളരെ നേരം പാർക്കിംഗ് ഏരിയയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇയാളെ സമീപിക്കുകയും തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിമാനത്തിന്റെ പുറപ്പെടൽ സമയം കഴിഞ്ഞിരുന്നു. തുടർന്ന് പോലീസുകാർ ഭൂഷണെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വിമാനത്താവളത്തിൽ ഇയാളോടൊപ്പം കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. പോലീസ് പിന്നീട് ഗോരഖ്പൂരിലുള്ള കുടുംബത്തെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു.

സമയത്തിന് വളരെ മുൻപേ തന്നെ വിമാനത്താവളത്തിൽ എത്തിയെങ്കിലും ഭൂഷണിന്റെ ദുബായ് യാത്ര ഇതോടെ മുടങ്ങി. വിമാനത്താവളത്തിൽ നേരത്തെ എത്തിയാൽ മാത്രം പോര, കൃത്യസമയത്ത് ടെർമിനലിൽ പ്രവേശിച്ച് ചെക്ക്-ഇൻ ബോർഡിംഗ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിമാനം നഷ്ടപ്പെടുമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.