ലഖ്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയെച്ചൊല്ലിയുള്ള തർക്കത്തിനിടെ 17 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. പെൺകുട്ടിയായി ജീവിക്കാൻ ആഗ്രഹിച്ച കൗമാരക്കാരനെ കുടുംബം അംഗീകരിക്കാൻ മടിച്ചതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗും ഡോക്ടർമാരുടെ ഉപദേശങ്ങളും നൽകിയെങ്കിലും ഇയാളുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
വ്യാഴാഴ്ച ലഖ്നൗവിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ശസ്ത്രക്രിയക്ക് പകരം കൗൺസിലിംഗ് തുടരാൻ അമ്മ നിർബന്ധിച്ചതാണ് കൗമാരക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ താൻ കരുതീയ റെഞ്ച് (wrench) ഉപയോഗിച്ച് അമ്മയുടെ തലയിൽ പലതവണ അടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ അമ്മ മരണപ്പെട്ടു.
കൊലപാതകത്തിന് ശേഷം കൗമാരക്കാരൻ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. നാക ഹിന്ദോള പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിന് സമീപം ഇയാൾ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു.
കൊലപാതകത്തിന് മുന്നോടിയായി ഇയാൾ ഡയറിയിൽ ആസൂത്രണം ചെയ്ത വിവരങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. റെഞ്ച്, മുളകുപൊടി, തിളച്ച വെള്ളം എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡയറിയിൽ എഴുതിയിരുന്നു. കൂടാതെ, കൊലപാതകത്തിന് ശേഷം നിയമപരമായ നടപടികൾ എന്തൊക്കെയാണെന്നും, പ്രായപൂർത്തിയാകാത്ത പ്രതിക്ക് ലഭിക്കുന്ന ശിക്ഷകളെക്കുറിച്ചും അറിയാൻ ഇയാൾ ചാറ്റ്ജിപിറ്റി (ChatGPT) ഉപയോഗിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പെൺകുട്ടിയായി ജീവിക്കാനായിരുന്നു തനിക്ക് ഇഷ്ടമെന്നും ലോകം അത് അംഗീകരിക്കണമെന്നും കൗമാരക്കാരൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇയാളെ ശസ്ത്രക്രിയയിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബം ശ്രമിച്ചിരുന്നു. ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ഇയാൾ മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങളിൽ പോലും അസ്വസ്ഥനായിരുന്നു. തുടർന്ന് ലഖ്നൗവിൽ പിതാവ് ഇയാൾക്കായി ഒരു വീട് വാടകയ്ക്കെടുത്ത് നൽകിയിരുന്നു. കുടുംബാംഗങ്ങളാരും അവിടെ വരരുതെന്ന നിബന്ധനയിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. എന്നാൽ മകൻ തനിക്കൊപ്പം ജീവിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.




