Oddly News

വിദ്യാർത്ഥിനികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു, മദ്യം വാങ്ങാൻ പറഞ്ഞു; അങ്കണവാടി അധ്യാപകരുടെ ക്രൂരത ! ദൃശ്യങ്ങൾ പുറത്ത്!

മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അങ്കണവാടി ജീവനക്കാരിക്ക് കാൽ തിരുമ്മി കൊടുക്കുന്നത് ഉൾപ്പെടെയുള്ള അനുചിതമായ ജോലികൾ ചെയ്യാൻ കുട്ടികളെ നിർബന്ധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധ്യാപിക ഉറങ്ങുമ്പോൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ മണ്ണ് തുരക്കുന്നതും പാത്രങ്ങൾ കഴുകുന്നതും കാണിക്കുന്ന വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു.

ചിന്ദ്വാര ജില്ലയിലെ പരസിയയിലെ ചാന്ദമേറ്റ 12-ാം വാർഡിലെ ചാച്ചാ മൊഹല്ലയിലുള്ള അങ്കണവാടി കേന്ദ്രത്തിൽ നിന്നുള്ള വീഡിയോയാണ് ഏറ്റവും ഒടുവിൽ പ്രചരിച്ചത്. അങ്കണവാടി ഹെൽപ്പർ നിലത്ത് കിടക്കുന്നതും ഒരു ചെറിയ പെൺകുട്ടി അവരുടെ കാലുകളിൽ കയറി നിന്ന് തിരുമ്മി കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. കൂടുതൽ ശക്തിയായി അമർത്താനും എവിടെയാണ് തിരുമ്മേണ്ടതെന്നും ഹെൽപ്പർ കുട്ടിയോട് നിർദ്ദേശിക്കുന്നതും കേൾക്കാം. ഈ സംഭവം അങ്കണവാടി കേന്ദ്രങ്ങളിലെ കുട്ടികളുടെ പരിചരണത്തെയും മേൽനോട്ടത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അങ്കണവാടി സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അധികൃതരുടെ നടപടികളും പ്രതീക്ഷിക്കുന്നു.

ഭോപ്പാലിലെ ഗാന്ധിനഗറിലുള്ള ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് സമാനമായ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ചിന്ദ്വാരയിലെ സംഭവം നടക്കുന്നത്. സ്‌കൂൾ സമയത്ത് ഒരു അധ്യാപിക കസേരയിലിരുന്ന് ഒരു കാൽ മറ്റൊരു കസേരയിൽ വെച്ചിരിക്കുമ്പോൾ ഒരു വിദ്യാർത്ഥി അവരുടെ കാൽ തിരുമ്മി കൊടുക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അധ്യാപിക വ്യക്തമാക്കി. സ്‌കൂൾ ഗേറ്റിന് സമീപത്തെ തകർന്ന ടൈലിന്റെ കുഴിയിൽ വീണ് കാൽ ഉളുക്കിയെന്നും വേദന കുറയ്ക്കാൻ സഹായിക്കാനാണ് വിദ്യാർത്ഥി കാൽ തിരുമ്മിയതെന്നും അധ്യാപിക അവകാശപ്പെട്ടു.

മറ്റൊരു സംഭവത്തിൽ, ഛത്തർപൂരിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകൻ സ്‌കൂൾ വളപ്പിൽ വെച്ച് മദ്യപിക്കുകയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളോട് മദ്യം വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതായി ആരോപണമുണ്ട്. ബാംനൂർ ക്ലസ്റ്ററിന് കീഴിലുള്ള ഹൈദരാബാദ് ഗ്രാമത്തിലെ ഗവൺമെന്റ് മിഡിൽ സ്കൂളിലാണ് അധ്യാപകനായ ഭഗവാൻദാസ് അഹിർവാർ ജോലി ചെയ്യുന്നത്. ഇയാൾ പലപ്പോഴും മദ്യപിച്ച ശേഷമാണ് സ്കൂളിലെത്തുന്നതെന്നും മദ്യം വാങ്ങാൻ വിദ്യാർത്ഥികളെ അയക്കാറുണ്ടെന്നും ഗ്രാമവാസികൾ ആരോപിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യക്കുപ്പിയുമായി പോകുന്നതും അധ്യാപകനെക്കുറിച്ച് സംസാരിക്കുന്നതും വീഡിയോയിലുണ്ട്.


ഇതിനുപുറമെ, വീഡിയോ ചിത്രീകരിച്ചയാളെ അധ്യാപകന്റെ ഭാര്യ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോർഡിംഗും പ്രചരിക്കുന്നുണ്ട്. ഈ ഓഡിയോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കെ റൈക്‌വാർ അറിയിച്ചു. ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ ചട്ടപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.