നാഷ്വിൽ: യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള നീക്കം പരാജയപ്പെട്ടു. രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും മരണത്തെ അതിജീവിച്ച ക്രിസ്റ്റയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ഇവർ. യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നത്.
സെപ്റ്റംബർ 30 ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ട് തവണ വിഷം നൽകിയിട്ടും ഇവരുടെ ബോധം പോവുകയോ ഹൃദയമിടിപ്പ് നിൽക്കുകയോ ചെയ്തില്ല. 40 മിനിറ്റിനു ശേഷവും ശ്വാസമെടുത്ത് ആഴത്തിൽ ഉറങ്ങുക മാത്രമാണ് ഇവർ ചെയ്തത്. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഈ വർഷാവസാനം വരെ നിർത്തിവച്ചതായി പ്രഖ്യാപിച്ച ടെന്നീസി ഗവർണർ ബിൽ ലീ, കാര്യത്തിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. വധശിക്ഷ നടപ്പാക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടി ഡോസ് വിഷം കുത്തിവെച്ച് 40 മിനിറ്റ് കഴിഞ്ഞിട്ടും ക്രിസ്റ്റ ജീവനോടെ തുടരുകയും കൂർക്കം വലിച്ച് ഉറങ്ങുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
1995 ജനുവരി 12 ന്, തന്റെ 18-ാം വയസ്സിലാണ് സഹപാഠിയായ കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിൽ ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിക്കുന്നത്. തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ക്രൂരമായ ഈ കൊലപാതകം. ക്രിസ്റ്റയും കാമുകനും ചേർന്ന് കോളിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബോക്സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
വിചാരണാവേളയിൽ കുറ്റം സമ്മതിച്ച ക്രിസ്റ്റ, ചെറുപ്പത്തിൽ ചെയ്ത ക്രൂരതയുടെ വ്യാപ്തി മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നുവെന്ന് മാപ്പപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി മാപ്പപേക്ഷ തള്ളുകയായിരുന്നു. ഇതേ കേസിൽ കാമുകന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. വധശിക്ഷ തടയണമെന്ന ക്രിസ്റ്റയുടെ അവസാന നിമിഷത്തെ അപേക്ഷയും യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കാൻ വഴിയൊരുങ്ങിയത്.




