ന്യൂഡല്ഹി: ഏഴാം വയസ്സിൽ തന്നെ പീഡിപ്പിച്ച ‘അങ്കിളി’നെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കണമെന്ന കുട്ടിയുടെ ആവശ്യം പരിഗണിച്ച് കുറ്റവാളിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി. ഉത്തരവിനൊപ്പം പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് വ്യക്തിഗത കത്തെഴുതിയ വിചാരണക്കോടതി ജഡ്ജിയുടെ നടപടിയെ ഡൽഹി ഹൈക്കോടതിയും പിന്തുണച്ചു.
രോഹിണി അഡീഷണൽ സെഷൻസ് ജഡ്ജ് രജനി രംഗയാണ് പോക്സോ കേസ് പ്രതിയായ സുമിത് ശാക്യയ്ക്ക് ആജീവനാന്ത തടവും ഒന്നര ലക്ഷത്തോളം രൂപ പിഴയും വിധിച്ച്, നീതിന്യായ ചരിത്രത്തിൽ അപൂർവ്വമായ ഈ സന്ദേശം അയച്ചത്. 2023-ൽ നടന്ന ക്രൂരതയിൽ 10.50 ലക്ഷം രൂപ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായും വിധിച്ചിരുന്നു.
ശിക്ഷാവിധിക്കു പിന്നാലെ പ്രിയപ്പെട്ട കുഞ്ഞേയെന്ന് അഭിസംബോധന ചെയ്തുകൊണ്ട് വിചാരണക്കോടതി ജഡ്ജി കുട്ടിക്ക് അയച്ച കുറിപ്പ് ഏറെ വൈകാരികമായിരുന്നു. ഉപദ്രവിച്ചയാൾ ഇനി ഒരിക്കലും പുറത്തിറങ്ങില്ലെന്നും, ആ കൂട്ടിൽ കിടന്നുതന്നെ അയാൾ വയോധികനായി മരിക്കുമെന്നും ജഡ്ജി ഉറപ്പുനൽകി.
കോടതി കണ്ടതിൽവെച്ച് ഏറ്റവും ധൈര്യശാലിയായ കുട്ടിയാണ് നീയെന്നും, ഭയമില്ലാതെ കാര്യങ്ങൾ തുറന്നുപറഞ്ഞ് അമ്മയെ അറിയിച്ച ആ ധൈര്യമാണ് കുറ്റവാളിയെ ജയിലിലാക്കിയതെന്നും കത്തിൽ വ്യക്തമാക്കി. നഷ്ടപ്പെട്ട ബാല്യം തിരിച്ചുനൽകാനാവില്ലെങ്കിലും ഈ വിധിയിലൂടെ സന്തോഷത്തോടെ പഠിച്ച് സ്വപ്നങ്ങൾ കണ്ട് ജീവിക്കാൻ സാധിക്കട്ടെയെന്നും കോടതി ആശംസിച്ചു.
തുടർന്ന് വിചാരണക്കോടതി വിധിക്കെതിരെ പ്രതി സുമിത് ശാക്യ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ 22-ന് ഹർജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച്, കുട്ടിക്കുള്ള നഷ്ടപരിഹാരത്തുകയും വിചാരണക്കോടതി ജഡ്ജിയുടെ പ്രചോദനാത്മകമായ സന്ദേശവും രണ്ടു ആഴ്ചയ്ക്കുള്ളിൽ പെൺകുട്ടിക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി.




