നാട്ടിലേക്കാൾ മികച്ച ജീവിതസാഹചര്യങ്ങളും ഉയർന്ന വരുമാനവും ലക്ഷ്യമാക്കി ഇന്ന് ഒട്ടേറെ ആളുകളാണ് പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടവും അവിടുത്തെ മാനസിക പ്രയാസങ്ങളും സഹിച്ചാണ് അവർ മുന്നോട്ട് പോകുന്നത്. എന്നാൽ വിദേശത്ത് കഴിയുന്നവർക്ക് പരമസുഖമാണെന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇവർക്ക് എന്താണ് കുറവെന്നുമാണ് നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൊതുവെയുള്ള ചിന്താഗതി.
എന്നാൽ ഈ ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട്, വിദേശത്ത് പഠനത്തോടൊപ്പം ജോലി ചെയ്യേണ്ടി വരുന്നവരുടെ കഠിനമായ ദുരിതങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കാനഡയിലുള്ള ഇന്ത്യൻ വംശജയായ കനുപ്രിയ. വിദേശത്തുള്ളവർ സമ്പാദിക്കുന്ന ഡോളറുകൾ മാത്രമാണ് പലരുടെയും കണ്ണിൽപ്പെടുന്നതെന്നും, എന്നാൽ ആ പണത്തിന് പിന്നിലെ വലിയ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും ആരും കാണുന്നില്ലെന്നും ഇവർ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട നല്ല പ്രായം മുഴുവൻ മെച്ചപ്പെട്ട ജീവിതത്തിനായി അന്യനാട്ടിൽ കഷ്ടപ്പെടേണ്ടി വരുന്നതാണ് പലരുടെയും അവസ്ഥ. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോഴേക്കും മാതാപിതാക്കൾ വാർദ്ധക്യത്തിലെത്തിയിട്ടുണ്ടാകും. ജീവിതത്തിലെ നല്ല കാലത്ത് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനോ സന്തോഷിക്കാനോ കഴിയാതെ, വീട്ടിലെ വിശേഷ ദിവസങ്ങളും ആഘോഷങ്ങളും വീഡിയോ കോളിലൂടെ മാത്രം കണ്ടു തീർക്കാനാണ് പ്രവാസികളുടെ വിധി.
ഇതിനുപുറമേ, വിദേശ രാജ്യങ്ങളിൽ രോഗം വരുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടലും വലിയ വെല്ലുവിളിയാണ്. ആശുപത്രികളിൽ ഒപി ടിക്കറ്റ് ലഭിക്കാൻ പോലും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. അസുഖം ബാധിച്ചാൽ പരിചരിക്കാനോ കൂട്ടിരിക്കാനോ ബന്ധുക്കളില്ലാതെ തനിച്ചും, ചിലപ്പോൾ കൂടെ ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിച്ചും മാത്രമാണ് ആശുപത്രി കാര്യങ്ങൾ നേരിടുന്നത്.
വിദേശത്ത് ദൈനംദിന കാര്യങ്ങൾക്കെല്ലാം സഹായത്തിന് ആളില്ലാത്തത് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കുന്നു. രാവിലെ ഉണരുന്നത് മുതൽ വൈകുന്നേരം ഉറങ്ങുന്നത് വരെയുള്ള പാചകവും മറ്റ് വീട്ടുജോലികളും ഒറ്റയ്ക്ക് തന്നെ ചെയ്യണം. അസുഖം വന്ന് വീണുപോയാൽ നോക്കാൻ പോലുമ ആളില്ലാത്ത അവസ്ഥയാണുള്ളത്. രോഗാവസ്ഥയിലും അവധി ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന യാഥാർത്ഥ്യം നാട്ടിലിരുന്ന് ഡോളർ മാത്രം കാണുന്നവർ മനസ്സിലാക്കണം.
സാധാരണയായി വിദേശത്തുള്ളവർ ഇത്തരം സങ്കടങ്ങൾ പുറത്തു പറയാതെ തെറ്റിദ്ധാരണകൾക്ക് നടുവിൽ ജീവിക്കുകയാണ് പതിവ്. എന്നാൽ കനുപ്രിയയുടെ ഈ തുറന്നുപറച്ചിലിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. പ്രവാസ ജീവിതം ആഡംബരമല്ലെന്ന സത്യം വിളിച്ച് പറഞ്ഞതിനും ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയതിനും നന്ദി അറിയിച്ചാണ് പലരും കമന്റ് ചെയ്യുന്നത്.




