ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെവേറെ മെനൂ കാർഡുകൾ നൽകുന്ന ഇറ്റലിയിലെ ഒരു റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഭർത്താവിനൊപ്പം ഇറ്റലിയിലെ ഒരു ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ലിയാന എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വ്യത്യസ്തമായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇവിടെ പുരുഷന്മാർക്ക് നൽകുന്ന മെനുവിൽ ഭക്ഷണസാധനങ്ങളുടെ വില രേഖപ്പെടുത്തിയിട്ടുണ്ടാകും, എന്നാൽ സ്ത്രീകൾക്ക് നൽകുന്ന മെനുവിൽ വില ഉണ്ടാവില്ല.
ഇറ്റലിയിലെ ലേക്ക് കോമോയിലുള്ള ഗ്രാന്റ് ട്രെമെസ്സോ ഹോട്ടലിലായിരുന്നു സംഭവം. തനിക്ക് ലഭിച്ച മെനുവിൽ വിലയൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഭർത്താവിന്റെ മെനുവിൽ കൃത്യമായി വില രേഖപ്പെടുത്തിയിരുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോഴാണ് താൻ ശ്രദ്ധിച്ചതെന്നും ലിയാന പറയുന്നു. മുൻപ് റോമിലെ ഒരു ത്രീ-സ്റ്റാർ ഹോട്ടലിലും തങ്ങൾക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലിയാന ഓർത്തെടുത്തു. ഇരു മെനൂ കാർഡുകളും ക്യാമറയ്ക്ക് മുന്നിൽ കാണിച്ചുകൊണ്ട്, “സ്ത്രീകൾക്ക് വില അറിയാത്തതാണ് നല്ലത്, എനിക്ക് ഇത് ഇഷ്ടപ്പെട്ടു” എന്നായിരുന്നു തുടക്കത്തിൽ ലിയാനയുടെ അഭിപ്രായം.
എന്നാൽ ഭക്ഷണം കഴിഞ്ഞ് ബില്ല് വന്നതോടെ ലിയാനയുടെ അഭിപ്രായം മാറി. തങ്ങളറിയാതെ ഓർഡർ ചെയ്ത രണ്ട് ഡ്രിങ്ക്സിന് 120 ഡോളറും (ഏകദേശം 10,000 രൂപ) ബർത്ത്ഡേ ഡെസേർട്ടിന് 140 ഡോളറും (ഏകദേശം 11,500 രൂപ) ആയിരുന്നു വില. ടിപ്പ് ഉൾപ്പെടെ ആകെ ബില്ല് 926.86 ഡോളർ (ഏകദേശം 77,000 രൂപ) കടന്നു. പരമാവധി 500 ഡോളർ ആകുമെന്നാണ് കരുതിയതെന്നും, മുൻകൂട്ടി വില അറിയാമായിരുന്നെങ്കിൽ ഇത്രയും വലിയ തുകയുടെ ഭക്ഷണം ഓർഡർ ചെയ്യുമായിരുന്നില്ലെന്നും ലിയാന കുറിച്ചു. എങ്കിലും ഭർത്താവ് വിലയെക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കുമ്പോൾ തനിക്ക് ജനന്മദിനം ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന തമാശരൂപേണയുള്ള കുറിപ്പോടെയാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.
വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. “എനിക്ക് ഈ ആശയം വളരെ ഇഷ്ടപ്പെട്ടു, ബില്ലിന്റെ തുകയെക്കുറിച്ച് വിഷമിക്കാതെ ഭക്ഷണം കഴിക്കാമല്ലോ” എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, “ഭർത്താവിന്റെ പണമാണെങ്കിലും അനാവശ്യമായി കൂടുതൽ തുക ചെലവാക്കുന്നത് ഒഴിവാക്കാൻ സ്ത്രീകൾക്കും വില അറിയേണ്ടത് അത്യാവശ്യമാണ്” എന്ന് മറ്റ് ചിലരും കുറിച്ചു.




