ജയ്പൂർ: ലോകത്താകമാനമുള്ള 7,164-ഓളം ഭാഷകളിൽ 44 ശതമാനത്തോളം ഭാഷകൾ സംസാരിക്കുന്നത് ആയിരത്തിൽ താഴെ ആളുകൾ മാത്രമാണെന്നും, വരും പതിറ്റാണ്ടുകളിൽ ഇവയിൽ പലതും പൂർണ്ണമായി അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും ഐ.ഐ.റ്റി ജോധ്പൂരിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു ഭാഷ ഇല്ലാതാകുന്നതിലൂടെ അത് സംസാരിക്കുന്ന സമൂഹത്തിന്റെ പരമ്പരാഗത അറിവുകളും സാംസ്കാരിക രീതികളും ലോകത്തെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകളുമാണ് നഷ്ടമാകുന്നത്.
ഇത്തരത്തിൽ അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ ഭാഷകളെ സംരക്ഷിക്കുന്നതിനായി ഐ.ഐ.റ്റി ജോധ്പൂർ ലിബറൽ ആർട്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗുരുജഗൻ മുരുകേശന്റെ നേതൃത്വത്തിൽ ഗവേഷണങ്ങൾ നടന്നു വരുന്നു. ഒരു ഭാഷ നശിക്കുമ്പോൾ അതിലൂടെ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട അറിവുകളും ജീവിതരീതികളുമാണ് ഇല്ലാതാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഗവേഷണ സംഘം ഓരോ സെമസ്റ്ററിലും വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഭാഷാ ഡാറ്റകളും സാംസ്കാരിക അറിവുകളും ശേഖരിക്കുന്നുണ്ട്.
രാജസ്ഥാനിലെ ഓസിയാൻ മേഖലയിലുള്ള ഭീൽ സമുദായത്തെക്കുറിച്ചാണ് പ്രധാന ഗവേഷണങ്ങളിലൊന്ന് നടക്കുന്നത്. ഥാർ മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയിൽ ജീവിക്കുന്ന ഈ സമൂഹം വീട് നിർമ്മാണം, ഭക്ഷണം, വസ്ത്രധാരണം, ജലസംരക്ഷണം എന്നിവയിൽ പരമ്പരാഗത അറിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രാദേശിക അറിവുകൾ അവരുടെ ഭാഷയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, പുതിയ തലമുറയിൽ ഭാഷയുടെ ഉപയോഗം കുറയുന്നത് ഈ അറിവുകളുടെ കൈമാറ്റത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഗവേഷകർ പഠിക്കുന്നു.
ജാർഖണ്ഡിലെ മുണ്ട സമുദായം സംസാരിക്കുന്ന ഓസ്ട്രോ ഏഷ്യാറ്റിക് ഭാഷാ കുടുംബത്തിൽപ്പെട്ട ‘മുണ്ടാരി’ ഭാഷയാണ് മറ്റൊരു പഠന വിഷയം. വിരളമായി മാത്രം കാണപ്പെടുന്ന ഒരു സംഖ്യാ സമ്പ്രദായം (number system) മുണ്ടാരി ഭാഷയിലുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ രണ്ടാം തലമുറ തമിഴ് കുടുംബങ്ങളിലെ കുട്ടികൾ തങ്ങളുടെ മാതൃഭാഷയും ഒപ്പം അവിടുത്തെ സ്വിസ് ജർമ്മൻ, ഫ്രഞ്ച് ഭാഷകളും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും സ്വിറ്റ്സർലൻഡിലെ ലൊസാൻ സർവ്വകലാശാലയുമായി സഹകരിച്ച് പഠനം നടത്തുന്നുണ്ട്. ഈ മൂന്ന് പഠനങ്ങളിലൂടെയും ഭാഷകൾ എങ്ങനെ വികസിക്കുന്നുവെന്നും സംസ്കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്.




