Travel

ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായുവുള്ള സ്ഥലങ്ങൾ ഏതാണ്? ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിൽ തിളങ്ങി ഈ നഗരങ്ങൾ!

മനോഹരമായ പ്രകൃതിഭംഗിക്കും പച്ചപ്പിനും ശുദ്ധവായുവിനും പേരു കേട്ട നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറാമിലും മേഘാലയയിലുമുള്ള കൊളാസിബ്, തുര, നോങ്സ്റ്റോയിൻ, ദൗക്കി എന്നിവ അവയിൽ ചിലതാണ്. കുന്നുകളാലും കാടുകളാലും നദികളാലും ചുറ്റപ്പെട്ട ഈ നഗരങ്ങൾ, തിരക്കുപിടിച്ച നഗരജീവിതത്തിന് പ്രശാന്തമായൊരു ബദൽ നൽകുന്നു.

ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ വായു ഗുണനിലവാര ഡാറ്റാബേസ് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വാർഷിക പി.എം 2.5 (PM2.5) അളവ് രേഖപ്പെടുത്തിയത് ലുങ്‌ലേയിലും തുരയിലുമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ വായുമലിനീകരണമുള്ള അഞ്ച് ഇന്ത്യൻ സ്ഥലങ്ങളിൽ നാലെണ്ണവും മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്.

2026 ജൂണിൽ പ്രസിദ്ധീകരിച്ച ഡബ്ല്യു.എച്ച്.ഒയുടെ ആംബിയന്റ് എയർ ക്വാളിറ്റി ഡാറ്റാബേസ് പതിപ്പ് 8.0, ലോകത്തിലെ 127 രാജ്യങ്ങളിലെ 8,024 പ്രദേശങ്ങളിൽ നിന്നുള്ള വായുമലിനീകരണ കണക്കുകളാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, തുരയിൽ പ്രതിവർഷ ശരാശരി പി.എം 2.5 സാന്ദ്രത 6 µg/m³ ആണ് രേഖപ്പെടുത്തിയത്. നോങ്സ്റ്റോയിനിൽ ഇത് 7 µg/m³ ഉം ദൗക്കിയിൽ 8 µg/m³ ഉം ആണ്. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയുടെ ഭരണകേന്ദ്രമായ തുര, മിസോറാമിലെ ലുങ്‌ലേയ്ക്ക് ഒപ്പം ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായുവുള്ള സ്ഥലങ്ങളിൽ ഒന്നായി മാറി. വെസ്റ്റ് ഖാസി ഹിൽസിന്റെ ഭരണകേന്ദ്രമായ നോങ്സ്റ്റോയിനും, ഉമ്‌ങ്‌കോട്ട് നദിയാൽ പ്രസിദ്ധമായ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ദൗക്കിയും തൊട്ടുപിന്നിലുണ്ട്.

മിസോറാമിന്റെ വടക്കൻ ഭാഗത്ത് അസം അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കൊളാസിബ് ജില്ലയുടെ ആസ്ഥാനമാണ് കൊളാസിബ് നഗരം. പച്ചപ്പുനിറഞ്ഞ കുന്നുകൾക്കും കാടുകൾക്കും നടുവിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കുറഞ്ഞ നഗരവൽക്കരണത്താലും ത്ലോങ് നദിയുടെ മനോഹരമായ കാഴ്ചകളാലും ശ്രദ്ധേയമാണ്. മേഘാലയയിലെ തുര പീക്കിന്റെ താഴ്‌വരയിലാണ് തുര സ്ഥിതി ചെയ്യുന്നത്. ഗാരോ ഹിൽസ് മേഖലയിലേക്കുള്ള പ്രധാന കവാടമായ ഇവിടെ ജൈവവൈവിധ്യവും വെള്ളച്ചാട്ടങ്ങളും ധാരാളമുണ്ട്. മേഘാലയയിലെ കുന്നുകളും താഴ്‌വരകളും അരുവികളും നിറഞ്ഞ ശാന്തമായ മറ്റൊരു പ്രദേശമാണ് നോങ്സ്റ്റോയിൻ. സ്ഫടികസമാനമായ തെളിഞ്ഞ വെള്ളമുള്ള ഉമ്‌ങ്‌കോട്ട് നദിയാണ് അതിർത്തി ഗ്രാമമായ ദൗക്കിയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നത്. അമിതമായ വികസന പ്രവർത്തനങ്ങൾ ഇല്ലാത്തതും ഇവിടുത്തെ പ്രകൃതിസൗന്ദര്യവും ശുദ്ധവായുവും നിലനിർത്താൻ സഹായിക്കുന്നു.