ഒട്ടാവ ∙ കാനഡയിലെ ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ 78 കാരിയുടെ സ്വർണാഭരണങ്ങൾ കാറിലെത്തിയ യുവതി കവർന്നു. ജൂലൈ 28-ന് വൈകുന്നേരം വൃദ്ധ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഏകദേശം 13 ലക്ഷം രൂപ വിലമതിക്കുന്ന മാലയും വളകളും മോഷ്ടാവ് ഊരിയെടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാവിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ഇന്ത്യൻ വംശജ വീട്ടിൽനിന്ന് നടക്കാനിറങ്ങിയപ്പോഴാണ് മോഷണം നടന്നത്. നടപ്പാതയിലൂടെ വയോധിക നടന്നുപോകുമ്പോൾ അരികിലെത്തിയ കാറിൽനിന്ന് ഒരു യുവതി ഇറങ്ങുകയും, വയോധികയുടെ കാലിൽ തൊട്ട് തൊഴുതശേഷം കെട്ടിപ്പിടിച്ച് മാല കവരുകയുമായിരുന്നു. സ്വർണമാലയ്ക്ക് പകരം മുക്കുപണ്ടം അണിയിച്ച യുവതി, വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന സ്വർണവളകളും ഊരിയെടുത്തു.
സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വൃദ്ധയുടെ മകൻ രാഘവേന്ദ്ര കുമാർ കാനഡയിലെ സിടിവി ന്യൂസിനോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. അമ്മയ്ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയില്ലാത്തതിനാലും കാറിലിറങ്ങിയ യുവതി അയൽവാസിയാണെന്ന് കരുതിയതുകൊണ്ടുമാണ് പെട്ടെന്ന് പ്രതികരിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മോഷണത്തിന് ശേഷം കടുത്ത ആഘാതത്തിലായ അമ്മയ്ക്ക് അരമണിക്കൂറോളം സംസാരിക്കാൻ കഴിഞ്ഞില്ലെന്നും വിറച്ചുകൊണ്ടാണ് വീട്ടിൽ തിരിച്ചെത്തിയതെന്നും മകൻ വ്യക്തമാക്കി. വിവാഹസമയത്ത് ലഭിച്ചതും ഏറെ വൈകാരിക ബന്ധമുള്ളതുമായ 110 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കിയതായും രാഘവേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.




