Crime Featured

ഒരാഴ്ച വിൽക്കുന്നത് 10 കിലോ എംഡിഎംഎ ! 4 മാസംകൊണ്ട് അഞ്ചു കോടിയുടെ ഇടപാടുകൾ, നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ

പന്തീരാങ്കാവ് ഒരു കിലോ എംഡിഎംഎ വേട്ടയിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് നോയിഡയിൽ വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് എത്തിക്കുന്നത് ഡൽഹിയിൽ നിന്നാണെന്ന വിവരം ലഭിച്ചത്. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് മറ്റു രണ്ടുപേർ കൂടി പിടിയിലായത്. ഡിജിറ്റൽ സ്കെയിൽ, പാക്കിങ് കവറുകൾ, കറൻസി എണ്ണുന്ന മെഷീൻ, എടിഎം കാർഡുകൾ, സീലർ എന്നിവയും ഈ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തു.

സൂര്യയുടെ പേരിലുള്ള ഫ്ലാറ്റിൽ വച്ച് ഓരോ ആഴ്ചയും 10 കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് വിറ്റിരുന്നതായി തെളിഞ്ഞു. ഡൽഹിയിൽ നിന്ന് പഴയ കാറുകൾ കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ രഹസ്യ അറകളിൽ ലഹരിമരുന്ന് ഒളിപ്പിച്ചാണ് ഇവർ കടത്തിയിരുന്നത്.

മലപ്പുറത്ത് കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവർ എത്തിച്ചു നൽകിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 4 മാസത്തിനിടെ അഞ്ചു കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ട്. പ്രതിയായ അജ്മലിന് മലപ്പുറത്ത് മറ്റ് കേസുകളുമുണ്ട്.

പന്തീരാങ്കാവ് ഇൻസ്പെക്ടർ എ. നിതിന്റെ നേതൃത്വത്തിൽ എസ്ഐ അർജുൻ അജിത്, ഫറോക്ക് എസിപി സ്ക്വാഡ്, ഡാൻസാഫ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.