60 വയസുകാരൻ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വിവാഹം കഴിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് അബ്ദുൾ ബാക്കിയെ ചമാനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുഞ്ഞിനെ വിവാഹം ചെയ്ത സലാ ഉദ്ദീൻ എന്നയാൾ ഒളിവിലാണ്. പഷ്തൂൺ സമുദായങ്ങൾക്കിടയിലുള്ള ‘വാൽവാർ’ ആചാരപ്രകാരം 80 ലക്ഷം രൂപ വാങ്ങി പിതാവ് കുഞ്ഞിനെ 60-കാരന് വിൽക്കുകയായിരുന്നു. വരന്റെ കുടുംബം വധുവിന്റെ വീട്ടുക്കാർക്ക് മുൻകൂട്ടി പണം നൽകുന്ന പരമ്പരാഗത രീതിയാണ് വാൽവാർ.
കുഞ്ഞിന്റെ 13 വയസുള്ള സഹോദരിയെ മുൻപ് സലാ ഉദ്ദീന്റെ മകന് വിവാഹം കഴിച്ചു നൽകിയിരുന്നെങ്കിലും ഈ കുട്ടി കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജനലിലൂടെ പുറത്തേക്ക് നോക്കിയതിന് പ്രകോപിതനായ സലാ ഉദ്ദീന്റെ മകൻ ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ തർക്കം പരിഹരിക്കുന്നതിനാണ് 3 വയസുകാരിയെക്കൂടി വിവാഹം കഴിച്ചു നൽകി കുടുംബം പണം കൈപ്പറ്റിയതെന്നാണ് വിവരം.
18 വയസിന് താഴെയുള്ളവരെ കുട്ടികളായി കണക്കാക്കുകയും ബാലവിവാഹം തടയുകയും ചെയ്യുന്ന 2025-ലെ നിയമം നിലനിൽക്കെയാണ് പ്രവിശ്യയിൽ ഇത്തരം സംഭവങ്ങൾ തുടരുന്നത്. പാകിസ്താനിൽ ദശലക്ഷക്കണക്കിന് പെൺകുട്ടികളാണ് പ്രായപൂർത്തിയാകുന്നതിന് മുൻപ് ബാലവിവാഹത്തിന് ഇരയാകുന്നതെന്ന് യുണിസെഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.




