Crime Featured

‘മാസംതോറും ഞങ്ങൾ സ്വർണം വാങ്ങും’, നോട്ടുമഴ… എല്ലാം പ്രദര്‍ശിപ്പിച്ച് റീൽസ്; യുട്യൂബറുടെ 118 പവനും പണവും കള്ളന്‍ കൊണ്ടുപോയി – വീഡിയോ

സമൂഹമാധ്യമങ്ങളിൽ സ്വന്തം കൈവശമുള്ള ആഭരണങ്ങളും പണവും പ്രദർശിപ്പിച്ച് റീൽസ് പങ്കുവെച്ച വനിതാ യൂട്യൂബറുടെ വീട്ടിൽ നിന്ന് 118 പവൻ സ്വർണവും പണവും മോഷ്ടാക്കൾ കവർന്നു. ‘മാസം തോറും ഞങ്ങൾ സ്വർണം വാങ്ങാറുണ്ട്, നിങ്ങളും വാങ്ങൂ’ എന്ന് പറഞ്ഞുകൊണ്ട് വിഡിയോകൾ പങ്കുവെച്ചിരുന്ന മധുമിതയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൻ കവർച്ച നടന്നത്. നാഗർകോവിലിന് സമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം ഉണ്ടായത്.

വീട്ടിലുള്ള സ്വർണാഭരണങ്ങളും പണവും കാണിച്ചുകൊണ്ട് യൂട്യൂബിൽ ഇവർ പങ്കുവെച്ച ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മകളുടെ ശരീരത്തിൽ അഞ്ഞൂറിന്റെ നോട്ടുകൾ വിതറുന്നതും, ആഭരണങ്ങൾ അണിഞ്ഞ് കുടുംബത്തോടൊപ്പം നിൽക്കുന്നതും ഈ വിഡിയോയിൽ ഉണ്ടായിരുന്നു. പൂജാമുറിയിലെ വിഗ്രഹങ്ങളിൽ നോട്ട് വിതറി ‘നിങ്ങളും ആഭരണങ്ങൾ വാങ്ങൂ’ എന്ന് ആഹ്വാനം ചെയ്യുന്ന ഇവരുടെ വിഡിയോ പെട്ടെന്ന് തന്നെ വൈറലാകുകയും നിരവധി ലൈക്കുകൾ നേടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ദമ്പതിമാർ വീടുപൂട്ടി പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. രാത്രി 12 മണിയോടെ ഇവർ തിരികെയെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടതും കവർച്ച നടന്ന വിവരം അറിയുന്നതും. ഇതേത്തുടർന്ന് ദമ്പതികൾ രാജക്കമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് അന്വേഷണത്തിനിടയിലാണ് സ്വർണവും പണവും പ്രദർശിപ്പിച്ചുള്ള വിഡിയോയുടെ വിവരം മധുമിത പോലീസിനോട് പറയുന്നത്. തുടർന്ന് വിഡിയോ കണ്ടവരെക്കുറിച്ചും ലൈക്ക് ചെയ്തവരെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. നിലവിൽ സിസിടിവി ദൃശ്യങ്ങളും ഫോൺകോളുകളും കേന്ദ്രീകരിച്ച് കന്യാകുമാരി ഡിവൈഎസ്പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.