പരോളിലിറങ്ങി രാജ്യം വിടുകയും പിന്നീട് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തി ജയിലിലാവുകയും ചെയ്ത കൊടും കുറ്റവാളി മെയിൻപാൽ ധില്ല വിവാഹിതനായി. ഹരിയാനയിലെ ജജ്ജറിലുള്ള ഫാംഹൗസിൽ വച്ചായിരുന്നു വിവാഹം. കമ്പോഡിയക്കാരിയായ കാമുകിയും തന്റെ മൂന്നു മക്കളുടെ അമ്മയുമായ മെറ്റ ചാനെയാണ് ധില്ല മിന്നുകെട്ടിയത്. ചടങ്ങുകൾക്കായി കോടതി ഇയാൾക്ക് 12 മണിക്കൂർ സമയം പരോൾ അനുവദിച്ചിരുന്നു.
അൻപതുകാരനായ ധില്ല കൊലപാതകം ഉൾപ്പെടെ 22ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2007-ലും 2010-ലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ 2018-ലാണ് ഇയാൾ പരോളിലിറങ്ങി നാടുവിട്ടത്. സോനു കുമാർ എന്ന വ്യാജ പേരിൽ പാസ്പോർട്ടുണ്ടാക്കി ബാങ്കോക്ക് വഴി കമ്പോഡിയയിലെത്തിയ ധില്ല സീം റീപ് എന്ന സ്ഥലത്താണ് ഒളിവിൽ കഴിഞ്ഞത്.
കമ്പോഡിയയിൽ നൈറ്റ് ക്ലബ് നടത്തിവന്ന ധില്ല അവിടെ വച്ചാണ് മെറ്റ ചാനിനെ പരിചയപ്പെടുന്നതും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുന്നതും. ഈ ബന്ധത്തിലാണ് ഇവർക്ക് മൂന്ന് കുട്ടികളുണ്ടായത്. എന്നാൽ, ഹരിയാന പൊലീസിന്റെ ആവശ്യപ്രകാരം 2024 നവംബറിൽ സി.ബി.ഐ ഇന്റർപോൾ വഴി ധില്ലയ്ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇവരുടെ ഒളിവുജീവിതം അവസാനിച്ചു.
വ്യാജ രേഖകൾ വഴിയാണ് ഇയാൾ ഇന്ത്യ വിട്ടതെന്നും കമ്പോഡിയയിലെത്തിയതെന്നും സി.ബി.ഐ ഇന്റർപോളിന്റെ നാഷണൽ സെൻട്രൽ ബ്യൂറോയെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പോഡിയൻ പൊലീസ് ധില്ലയെ പിടി കൂടി. 2025 മാർച്ച് 26-ന് അറസ്റ്റ് വിവരം ലഭിച്ചതിനെ തുടർന്ന്, കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾ നടത്തിയ നീക്കങ്ങൾക്കൊടുവിൽ ഇയാളെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.
ധില്ലയ്ക്കൊപ്പം ഭാര്യയും മക്കളും ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഹരിയാനയിലെ ബദ്ലി സ്വദേശിയായ ഇയാൾക്ക് ഏറെക്കാലമായി ഒപ്പമുള്ള വിദേശവനിതയെ ഔദ്യോഗികമായി വിവാഹം കഴിക്കാനാണ് കോടതി പരോൾ അനുവദിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 8 വരെ കടുത്ത സുരക്ഷാ വലയത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.




